മൂവാറ്റുപുഴ: ആനിക്കാട്, വാളകം ചിറകൾക്ക് ശാപമോക്ഷമാകുന്നു. ചെളിയും പായലും പ്ലാസ്റ്റിക്ക് മാലിന്യങ്ങളുമുൾപ്പെടെ നിറഞ്ഞ് ഉപയോഗശൂന്യമായി കിടന്ന ചിറകൾ നവീകരിക്കണമെന്ന ആവശ്യത്തിനു വർഷങ്ങുടെ പഴക്കമുണ്ട്. രണ്ട് ചിറകളുടെയും നവീകരണത്തിന് അഞ്ച് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
മൂവാറ്റുപുഴ-പുനലൂർ റോഡിന്റെ ഓരത്ത് നാലേക്കറോളം സ്ഥലത്താണ് ആനിക്കാട് ചിറ സ്ഥിതി ചെയ്യുന്നത്. കടുത്ത വേനലിലും നിറയെ ജലമുള്ള ചിറ പ്രദേശവാസികളുടെ മുഖ്യ ജലസ്രോതസായിരുന്നു. ആളുകൾ കുളിക്കുന്നതിനും അലക്കുന്നതിനു മടക്കം ഉപയോഗിച്ചുവന്ന ചിറ മാലിന്യ വാഹിനിയായതോടെയാണ് നാട്ടുകാർ ഉപേക്ഷിച്ചത്.
അഞ്ചു വർഷം മുന്പ് പരിസ്ഥിതി സംഘടനകളുടെ നേതൃത്ത്വത്തിൽ മാലിന്യം നീക്കം ചെയ്ത് ശുദ്ധീകരിച്ചങ്കിലും ദിവസങ്ങൾ കഴിയും മുന്പെ പഴയ പടിയാകുകയായിരുന്നു. വഴിയാത്രികർ അടക്കം മാലിന്യം ചിറയിലേക്ക് വലിച്ചെറിയുന്നതാണ് പ്രശ്നത്തിന് കാരണമായത്. പ്രദേശത്തെ ഏറ്റവും വലിയ ജല സ്രോതസായ ചിറ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായതോടെ എൽദോ ഏബ്രഹാം എംഎൽഎ മുൻകൈ എടുത്താണ് നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചത്.
തുടർന്ന് നബാർഡിന്റെ ‘ആർഐഡിഎഫ്’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചിറ നവീകരണത്തിന് 2.4 കോടി രൂപ അനുവദിച്ചത്. ചിറയിലെ ചെളി കോരി ആഴം കൂട്ടിയശേഷം സംരക്ഷണഭിത്തി ബലപ്പെടുത്തി ചിറയ്ക്ക് ചുറ്റും നടപ്പാത നിർമിച്ച് മനോഹരമാക്കും. റോഡിൽനിന്നുള്ള മലിനജലം ചിറയിലേക്ക് ഒഴുകാതിരിക്കാൻ ഓടയും നിർമിക്കും. കൂടാതെ ഇരിപ്പിടങ്ങളും പൂന്തോട്ടവും ലൈറ്റുകളും സ്ഥപിക്കും. കുളിക്കടവുകളും നിർമിക്കുകയും ചെയ്യും.
കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷനാണ് നവീകരണ പദ്ധതി തയാറാക്കിയിരിക്കുന്നത്. ആനിക്കാട് ചിറക്കൊപ്പം വാളകം പഞ്ചായത്തിലെ വാളകം ചിറയും നവീകരിക്കുന്നുണ്ട്. മൂന്നേക്കറോളം സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വാളകം ചിറയുടെ ഭൂരിഭാഗവും കൈയേറിയിരുന്നു.
സർവയറെ വച്ച് അളന്നു തിട്ടപ്പെടുത്തി കൈയേറ്റം തിരിച്ചുപിടിച്ച ശേഷമാണ് നവീകരണം ആരംഭിച്ചിരിക്കുന്നത്. കാർഷിക മേഖലയിൽ സ്ഥിതി ചെയ്യുന്ന ജലസ്രോതസ് സംരക്ഷിച്ച് കാർഷിക മേഖലക്ക് ഗുണകരമാക്കുന്ന രീതിയിലാണ് നവീകരണം നടത്തുന്നത്.