വടക്കഞ്ചേരി: ക്രിസ്മസിന്റെ വരവറിയിച്ച് കടകളിൽ താരകകൂട്ടങ്ങൾ നിറഞ്ഞു തുടങ്ങി. പലവർണങ്ങളിലും രൂപങ്ങളിലുമായി അഴകുവിടർത്തുന്ന നക്ഷത്രക്കൂടുകളാണ് തൂങ്ങുന്നത്. നക്ഷത്രവിളക്കുകൾ തെളിയുന്നതോടെ എവിടെയും ഒരു പുത്തൻ ഉണർവും ദൃശ്യമാകും. കുട്ടികളും ഏറെ സന്തോഷിക്കുന്ന ദിനങ്ങൾ.
ഉണ്ണിയേശുവിനെ ഹൃദയത്തിൽ സ്വീകരിക്കാൻ ക്രൈസ്തവർ ഇരുപത്തിയഞ്ച് നോന്പിന്റെ ചൈതന്യത്തിലേക്കും പ്രവേശിച്ചു. നോന്പിന്റെ വ്രതാനുഷ്ഠാനങ്ങളിൽ അശരണർക്കൊപ്പം ക്രിസ്മസ് സ്നേഹം പങ്കിടുന്നവരും ഏറെയാണ്. അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, രോഗികൾ തുടങ്ങിയ സ്ഥലങ്ങളിൽപോയി സംഭാവന നല്കിയും മറ്റും ആഘോഷം അർഥപൂർണമാക്കുന്നവരുമുണ്ട്.
കാലത്തിനൊപ്പം നക്ഷത്രവിളക്കുകളിലും മാറ്റമുണ്ടെങ്കിലും അഞ്ചുകാലുള്ള സാധാരണ നക്ഷത്രത്തിനു തന്നെയാണ് ക്രിസ്മസിന്റെ കാഴ്ചഭംഗിയുള്ളത്.സൂപ്പർസ്റ്റാറുകളുടെ ജന്മനാടെന്നു പറയുന്ന കുന്നംകുളത്തുനിന്നു തന്നെയാണ് നക്ഷത്രങ്ങൾ കൂടുതലായി എത്തുന്നത്.
സ്റ്റെപ്പ് ഫ്ളവർ ലോട്ടസ് എന്ന നക്ഷത്രവിളക്ക് പുതുമയുള്ള നക്ഷത്രകടകളിൽ സ്ഥാനം പിടിക്കുന്നുണ്ട്. ഇക്കുറി നക്ഷത്രങ്ങൾക്ക് വലിയ വിലവർധനവില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്. ബേക്കറികളിൽ കൊതിയൂറുന്ന കേക്കുകളും എത്തുന്നുണ്ട്.