വടക്കഞ്ചേരി: വാട്ടർ പ്രൂഫ് ബൈബിൾ, നാലായിരത്തിൽപരം വിവിധയിനം കൊന്തകൾ, 60 ഭാഷകളിലുള്ള ബൈബിൾ തുടങ്ങി ഇന്നലെ വടക്കഞ്ചേരി ലൂർദ്ദ് മാതാ ഫൊറോന പള്ളി ഹാളിൽ സിസ്റ്റർ ഫ്ളോറന്റയിൻ ഒരുക്കിയത് വിശ്വാസ പ്രതീകങ്ങളുടെ കൗതുക ലോകം. ദിവ്യകാരുണ്യ ആരാധന സഭാംഗമായ സിസ്റ്ററിന്റെ അരനൂറ്റാണ്ടിലേറെ കാലത്തെ സമാഹാരങ്ങളുടെ പ്രദർശനമാണ് ഹാളിൽ മനോഹരമായി ഒരുക്കിയിരുന്നത്.
പരിശുദ്ധ മാതാവിന്റെ ജീവചരിത്രം, മാതാവിന്റെ പ്രത്യക്ഷങ്ങൾ എന്നിവയെല്ലാം പടവും വിവരങ്ങളുമായാണ് തയ്യാറാക്കിയിട്ടുള്ളത്. മാതാവിന്റെ ജീവചരിത്ര സ്റ്റാന്പ് ,സന്പൂർണ്ണ ബൈബിൾ സ്റ്റാന്പുകൾ, നിരവധി വിദേശ ഭാഷകൾ ഉൾപ്പെടെ 60ൽ പരം ഭാക്ഷകളിലുള്ള ബൈബിളുകൾ, വെള്ളത്തിൽ പൊങ്ങി കിടക്കുന്ന അമേരിക്കയിൽ നിന്നുള്ള ബൈബിൾ, ഭാരതീയ തനിമയിലുള്ള മാതാവിന്റെ ചിത്ര ശേഖരം, ജപമാല ചൊല്ലി കിട്ടുന്ന പ്രത്യേകമായ 15 അനുഗ്രഹങ്ങൾ, മാതാവിന്റെ ലുത്തിനിയയുടെ ചിത്രങ്ങൾ, 60 വിശുദ്ധരുടെ തിരുശേഷിപ്പുകൾ തുടങ്ങി വിശ്വാസികൾക്ക് പ്രിയപ്പെട്ട നിരവധി കാഴ്ചയനുഭവങ്ങളാണ് പ്രദർശനത്തിനുണ്ടായിരുന്നത്.
പാലാ കുറുമണ്ണ് സ്വദേശിനിയായ സിസ്റ്റർ ഫ്ളോറന്റയിൻ കുട്ടിക്കാലം മുതലെ പരിശുദ്ധ മാതാവിനോടുള്ള പ്രത്യേക ഭക്തി പ്രകടിപ്പിച്ചിരുന്നു. പ്രസിദ്ധീകരണങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും പരിചയക്കാരിൽ നിന്നുമെല്ലാം കിട്ടിയിരുന്ന മാതാവിന്റെ പടങ്ങളെല്ലാം വെട്ടി സൂക്ഷിച്ച് വെക്കും. പിന്നീട് സിസ്റ്ററായതിനു ശേഷമാണ് വർഷങ്ങൾ നീണ്ട വീട്ടിലെ സമാഹാരങ്ങളെല്ലാം പ്രദർശനത്തിനും അതുവഴി കൂടുതൽ ആളുകളെ ജപമാല ഭക്തിയിലേക്ക് കൊണ്ടുവരാൻ സിസ്റ്റർ തന്റെതായ സേവന ദൗത്യം നിറവേറ്റി കൊണ്ടിരിക്കുന്നത്.
തീഷ്ണമായ ഭക്തിയിൽ ജപമാലയെക്കുറിച്ച് സമഗ്രമായ പംനം തന്നെ സിസ്റ്റർ നടത്തിയിട്ടുണ്ട്. പ്രത്യേക കൊന്തകളോ മാതാവിന്റെ ചിത്രങ്ങളോ പുതിയ ഭാഷയിലുള്ള ബൈബിളോ കിട്ടിയാൽ പലരും അത് സിസ്റ്ററിന് കൈമാറും. തരുന്നവരുടെ പേരോടുകൂടിയാണ് അത്തരം ചിത്രങ്ങൾ പ്രദർശനത്തിൽ വെക്കുന്നത്.പാലക്കാട് രൂപതയിലെ ആദ്യ ജപമാല പ്രദർശനമായിരുന്നു ഇന്നലെ വടക്കഞ്ചേരി ഫൊറോന ദേവാലയത്തിൽ നടന്നത്.142 സ്ഥലത്ത് ഇതുവരെ പ്രദർശനം നടത്തിയതായി സിസ്റ്റർ പറഞ്ഞു.
ജർമ്മനിയിലുണ്ടായ ദിവ്യകാരുണ്യ അത്ഭുതമാണ് തന്റെ വിശ്വാസ പ്രതീക സമാഹാരത്തിലെ ഏറ്റവും അമൂല്യമായതെന്ന് സിസ്റ്റർ പറയുന്നു. ഒരാൾ തിരുവോസ്തി മോഷ്ടിച്ച് അത് കുഴിച്ചിട്ടു. ഓസ്തി കുഴിച്ചിട്ട കൃഷിയിടത്തിൽ പിന്നീട് കൃഷിയിറക്കിയപ്പോൾ അവിടെ നിന്നുള്ള പയർ മണികളിലെല്ലാം ദിവ്യകാരുണ്യത്തിന്റെ അടയാളം കാണപ്പെട്ടു.പ്രത്യേക സംരക്ഷണത്തിലാണ് സിസ്റ്റർ ഈ അടയാളങ്ങൾ സുക്ഷിക്കുന്നത്.
പ്രദർശനം ഫൊറോന വികാരി ഫാ.ജെയ്സണ് കൊളളന്നൂർ ഉദ്ഘാടനം ചെയ്തു. ഒട്ടേറെ വിശ്വാസികൾ പ്രദർശനം കാണാൻ എത്തിയിരുന്നു.കൈക്കാരൻ വിൽസണ് കൊള്ളന്നൂർ, മതാധ്യാപകൻ ജോർജ് മാറാമറ്റം, ഭക്തസംഘടനകൾ, സിസ്റ്റേഴ്സ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.