കൊല്ലം : ശബരിമലയുടെ സമഗ്ര വികസനത്തിനും ഭക്തജനങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര സാമ്പത്തിക സഹായവും വിവിധ കേന്ദ്ര മന്ത്രാലയങ്ങള്‍ക്ക് മുന്നിലുള്ള വികസന പദ്ധതികള്‍ക്ക് എത്രയും പെട്ടെന്ന് അനുമതി നല്‍കുകയും വേണമെന്ന് ലോക്സഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയുമായ കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു.
ശബരിമല വികസനത്തിനായി കേരള സര്‍ക്കാര്‍ 100 കോടി രൂപ കേന്ദ്ര സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ നാളിതുവരെ ഈ ആവശ്യത്തിന് മേല്‍ അനുകൂല നടപടികള്‍ ഉണ്ടായിട്ടില്ല. ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി ശബരിമലയെ പ്രഖ്യാപിക്കുമെന്ന കേന്ദ്ര വാഗ്ദാനം പോലും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മണ്ഡലകാലത്ത് ക്രമാനുഗതമായി വര്‍ദ്ധിച്ചുവരുന്ന ഭക്തജനങ്ങള്‍ക്ക് വിരിവെയ്ക്കാനും, ശുചിമുറികള്‍, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും സഹായകമാകുന്ന പദ്ധതികള്‍ക്ക് ഉടന്‍ ഫണ്ട് അനുവദിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
ശബരിമലയുടെ അടിസ്ഥാന സൗകര്യവികസനത്തിന് വേണ്ടി കേരള സര്‍ക്കാര്‍ കേന്ദ്ര വനം പരിസ്ഥിതി വകുപ്പില്‍ നിന്നും 500 ഹെക്ടര്‍ വനഭൂമി വിട്ടുകിട്ടുന്നതിനായി ആവശ്യപ്പെട്ടപ്പോഴും നടപടിയുണ്ടായില്ല. ശബരി റെയില്‍ പദ്ധതി 10 വര്‍ഷങ്ങള്‍ക്ക് ശേഷവും എങ്ങുമെത്താതെ സ്തംഭനാവസ്ഥയിലാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.