ന്യൂയോർക്ക്: ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇടിച്ചിറങ്ങിയ ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തിലെ വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ. ലൂണാർ ഓർബിറ്റർ എടുത്ത ചിത്രങ്ങൾ താരതമ്യം ചെയ്ത ശേഷമാണ് നാസയുടെ സ്ഥിരീകരണം. ചെന്നൈ സ്വദേശി ഷൺമുഖ സുബ്രഹ്മണ്യൻ ചിത്രങ്ങൾ വിശകലനം ചെയ്തു നടത്തിയ പഠനമാണ് ഈ കണ്ടെത്തലിന് വഴിയൊരുക്കിയത്. ഷൺമുഖ സുബ്രഹ്മണ്യന് നാസ നന്ദി പറഞ്ഞു.
ഇസ്രോയുടെ ചന്ദ്രയാൻ-2 ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാൻഡർ സെപ്റ്റംബർ ഏഴിന് ചന്ദ്രോപരിതലത്തിലിറങ്ങാനുള്ള ശ്രമം പരാജയപ്പെട്ടതിനു തൊട്ടുപിന്നാലെ ഭൂമിയുമായുള്ള ബന്ധമറ്റത്. ദക്ഷിണധ്രുവത്തിൽ നിന്ന് ഏകദേശം 600 കിലോമീറ്റര്‍ അകലെയുള്ള ഉയർന്ന പ്രദേശത്തെ മിനുസമാർന്ന സമതലത്തിൽ ഇറങ്ങാനായിരുന്നു വിക്രം ലാൻഡർ ലക്ഷ്യമിട്ടിരുന്നു. നിർഭാഗ്യവശാൽ ചന്ദ്രനു തൊട്ടുമുകളില്‍ 2.1 കിലോമീറ്റര്‍ അകലമുള്ളപ്പോൾ ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായി.
ചന്ദ്രനെ ചുറ്റുന്നതിനിടെ ലൂണാർ റെക്കനൈസൻസ് ഓർബിറ്റർ (എൽആർഒ) സെപ്റ്റംബർ 17ന് ദക്ഷിണ ധ്രുവത്തിനു സമീപത്ത് നിന്ന് പകർത്തിയ ചിത്രം നാസ പുറത്തുവിട്ടിരുന്നു. എന്നാൽ കനത്ത നിഴലുകൾ മൂടിയ ദൃശ്യങ്ങളാണ് ഓർബിറ്റർ ക്യാമറയിൽ പതിഞ്ഞത്. വിക്രം ലാൻഡറിന്റെ അടയാളങ്ങൾ കണ്ടെത്താൻ നിരവധിയാളുകൾ ഈ ചിത്രങ്ങൾ വിശകലനം ചെയ്തിരുന്നു. മെക്കാനിക്കൽ എൻജിനിയറായ ഷൺമുഖ സുബ്രഹ്മണ്യന് എന്ന വ്യക്തി ചിത്രം വിലകലനം ചെയ്തു പഠിക്കുകയും ഇതുസംബന്ധിച്ച് നിർണായക കണ്ടെത്തൽ നടത്തുകയുമായിരുന്നു.
ഒക്ടോബർ 14നും 15നും നവംബർ 11നും ഈ പ്രദേശത്തിന്റെ മൂന്നു ചിത്രങ്ങൾ കൂടി ലൂണാർ ഓർബിറ്ററിൽ നിന്ന് ലഭിച്ചതോടെ കൂടുതൽ വ്യക്തത ലഭിച്ചു. ഷൺമുഖ സുബ്രഹ്മണ്യന്റെ നൽകിയ നിർണായക വിവരത്തിന്റെ അടിസ്ഥാനത്തിൽ ഈ ചിത്രങ്ങൾ നാസ താരതമ്യം ചെയ്തിരുന്നു. ഇതുസംബന്ധിച്ച് നാസ കൂടുതൽ പഠനങ്ങൾ നടത്തുകയും അനുമാനത്തിൽ എത്തുകയുമായിരുന്നു.
ലാൻഡർ ഇടിച്ചിറങ്ങിയ ഭാഗവും അവശിഷ്ടങ്ങൾ ചിന്നിച്ചിതറിയ ഇടവും ചിത്രത്തിൽ കാണാം. പച്ച നിറത്തിലാണ് ലാൻഡറിന്റെ അവശിഷ്ടങ്ങളെ ചിത്രത്തിൽ നാസ അടയാളപ്പെടുത്തിയിരിക്കുന്നത്. ഇരുപതിയൊന്നു കഷ്ണങ്ങളായി ലാൻഡർ തകർന്നുവീണതെന്നാണ് ചിത്രങ്ങൾ കാണിക്കുന്നത്. കണ്ടെത്തൽ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നാസ പുറത്തുവിടും.