തലശേരി: തലശേരി ബാറിലെ പ്രമുഖയായ യുവ അഭിഭാഷക എടക്കാട് കടമ്പൂര് നിവേദ്യത്തില്‍ പ്രിയ രാജീവ്(38) സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച സംഭവത്തിന് പിന്നില്‍ അഭിഭാഷകനടങ്ങിയ ബ്ലേഡ് മാഫിയ ആണെന്ന് പോലീസിന് സൂചന ലഭിച്ചു. പ്രിയയെ ബ്ലേഡ് മാഫിയയുമായി ബന്ധപ്പെടുത്തിയ ഈ അഭിഭാഷകനെ കുറിച്ച് പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. തലശേരിക്കടുത്തുള്ള ഈ അഭിഭാഷകന്റെ വസതിയിൽ വച്ചാണ് പ്രിയ സാന്പത്തിക ഇടപാടുകൾ നടത്തിയിട്ടുള്ളതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഇവരുടെ മംഗലാപുരം യാത്രകളും പോലീസ് പരിശോധിക്കുന്നുണ്ട്.
ഇതിനിടയില്‍ പ്രിയക്ക് ബാങ്കില്‍ നിന്നും വായ്പയെടുക്കുന്നതിന് വ്യാജ രേഖ ചമച്ച് നല്കിയ തലശേരിയിലെ നോട്ടറി അഭിഭാഷകന് കേസില്‍ പ്രതി സ്ഥാനത്തേക്ക് എത്തുമെന്ന സൂചനയും പുറത്ത് വന്നു. കേസുമായി ബന്ധപ്പെട്ട് തലശേരി ബാറിലെ അഭിഭാഷകരുള്‍പ്പെടെ പത്ത് അഭിഭാഷകരെ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇതിനകം ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി. കേസിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ ഡിവൈഎസ്പി പി.പി. സദാനന്ദന് ഏറ്റെടുത്തത്.
പ്രിയയുടെ ആത്മഹത്യാ കുറിപ്പില്‍ “പണം കൊടുത്തു മടുത്തു’വെന്ന വരികള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് ബ്ലേഡ് മാഫിയയുടെ കരാള ഹസ്തങ്ങളാണ് യുവ അഭിഭാഷകയെ മരണത്തിലേക്ക് നയിച്ചതെന്ന സൂചന ലഭിച്ചിട്ടുള്ളത്. തനിക്ക് പ്രിയ വക്കീല്‍ രണ്ടര ലക്ഷം രൂപ നല്‍കാനുണ്ടെന്ന് തലശേരി ബാറിലെ യുവ അഭിഭാഷകന് പോലീസിന് നല്കിയ മൊഴിയില്‍ പറഞ്ഞിട്ടുണ്ട്.
മറ്റൊരു അഭിഭാഷകന് നാല് ലക്ഷം രൂപയും പ്രിയ നല്‍കാനുണ്ടെന്നും അറിയുന്നു. ഇത്തരത്തില്‍ തലശേരിയിലേയും കണ്ണൂരിലേയും നിരവധി അഭിഭാഷകരില്‍ നിന്നും പ്രിയ പണം കടം വാങ്ങിയിട്ടുള്ളതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളതായി പോലീസ് പറഞ്ഞു. ഈ തുകകളെല്ലാം ബ്ലേഡ് മാഫിയയുടെ കയ്യിലാണ് എത്തിയിട്ടുള്ളത്. സ്ഥല കച്ചവടത്തിനായി പ്രിയ ബ്ലേഡ് മാഫിയയില്‍ നിന്നും പണം വാങ്ങിയതായുള്ള സൂചനയും പോലീസിന് ലഭിച്ചിട്ടുണ്ട്.
വ്യാജ രേഖ ചമച്ചു നല്കിയ തലശേരിയിലെ എണ്‍പത്തിയഞ്ചുകാരനായ അഭിഭാഷകനെ പോലീസ് രണ്ട് തവണ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ തനിക്ക് ചെവി കേള്‍ക്കുന്നില്ലെന്നാണ് നോട്ടറി അഭിഭാഷകന് പോലീസിനോട് പ്രതികരിച്ചത്. എന്നാല്‍ ഇത് അഭിനയമാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. വിദഗ്ദരുടെ സാനിധ്യത്തില്‍ നോട്ടറി അഭിഭാഷകനെ വീണ്ടും ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പോലീസ്.
ഭര്‍ത്താവ് അയച്ചു കൊടുക്കുന്ന 45000 രൂപയും കേസ് നടത്തി കിട്ടുന്ന തുകയുമുള്‍പ്പെടെ ഒരു ലക്ഷം രൂപ വരെ മാസ വരുമാനമുള്ള പ്രിയയുടെ സാമ്പത്തിക ഇടപാടുകളിലെ ദുരൂഹത പൂര്‍ണമായും മാറിയിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇതിനിടയില്‍ പ്രിയയുമായി അടുത്ത ബന്ധമുണ്ടായിരുന്ന കോടതി ഡ്യൂട്ടിക്കാരനായ പോലീസുകാരനെ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തു.ഇയാളില്‍ നിന്നും ചില വിലപ്പെട്ട വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
സൈബര്‍ സെല്ലില്‍ നിന്നും ലഭിച്ച പ്രിയയുടെ ഫോണ്‍ കോളുകളുടെ വിശദ വിവരങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്. നിയമ പുസ്തകങ്ങള്‍ക്കിടയില്‍ അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണില്‍ നിന്നും പ്രിയ ബന്ധപ്പെട്ട മൂന്ന് പേരും പോലീസ് നിരീക്ഷണത്തിലാണുള്ളത്. പ്രിയയുടെ കൈവശമുണ്ടായിരുന്ന 75 പവന് സ്വര്‍ണാഭരണങ്ങള്‍ വിവിധ ബാങ്കുകളില്‍ പണയം വെച്ച ബന്ധുക്കളേയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. നവംബര്‍ 13 ന് രാവിലെയാണ് പ്രിയയെ വീട്ടിലെ വര്‍ക്ക് ഏരിയയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.