പറവൂർ: കാർ വാടകത്തർക്കത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പോലീസ്.കഴിഞ്ഞ ഞായറാഴ്ച രാത്രി മാഞ്ഞാലി മാവിൻചുവട് മസ്ജിദിനു സമീപത്തെ ഒഴിഞ്ഞ പറന്പിൽവച്ച് വെടിമറ കാഞ്ഞിരപ്പറന്പിൽ ബദറുദീന്റെ മകൻ മുബാറക് (24) ആണ് കൊല്ലപ്പെട്ടത്. മുബാറക്കിനെ കുത്തിയപ്പോൾ തടഞ്ഞ വെടിമറ തോപ്പിൽ നാദിർഷ (24) കുത്തേറ്റ് ചാലാക്ക മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കേസിൽ മാഞ്ഞാലി തെക്കേത്താഴം തോപ്പിൽ റംഷാദ് (24), മാവിൻചുവട് കണ്ടാരത്ത് അഹമ്മദ് (35), ചെറുപറന്പിൽ സാലിഹ് (21), വലിയവീട്ടിൽ റിയാസ് (35) എന്നിവർക്കെതിരേയും കണ്ടാലറിയാവുന്ന മറ്റു നാലുപേർക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികൾ ഒളിവിലാണ്. മാളയിലെ റെന്റ് എ കാർ സെന്ററിൽ നിന്ന് നാലാം പ്രതി റിയാസ് വാടകയ്ക്കെടുത്ത കാർ സമയം കഴിഞ്ഞിട്ടും തിരികെ കൊടുക്കുവാൻ തയാറാകാത്തതിനാൽ മുബാറക് കാർ എടുത്ത് മാളയിലെ ഉടമയെ ഏല്പിച്ചു.
ഇതേക്കുറിച്ചുണ്ടായ തർക്കം പറഞ്ഞുതീർക്കാൻ പ്രതികളുടെ സംഘം മുബാറക്കിനെ മാവിൻചുവട്ടിലേക്കു വിളിച്ചുവരുത്തി. സുഹൃത്തുക്കൾക്കൊപ്പമായിരുന്നു മുബാറക് വന്നത്. അവിടെവച്ചുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് മുബാറക്കിനു കുത്തേറ്റത്. ഇയാളുടെ നെഞ്ചിലും വയറിനും കൈകളിലും കുത്തേറ്റിരുന്നു. കൂടെയുണ്ടായിരുന്നവർ ഉടനെ ചാലാക്ക ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ഇന്നലെ വൈകിട്ട് പറവൂർ പട്ടാളം പള്ളിയിൽ സംസ്കരിച്ചു.
പ്രതികളെ പിടികൂടുന്നതിന് പോലീസ് കഴിഞ്ഞ രാത്രിയിൽ മാഞ്ഞാലി, മാവിൻചുവട്, വെടിമറ തുടങ്ങിയ പ്രദേശങ്ങളിലെ ചില വീടുകളിൽ അന്വേഷണം നടത്തി. റെയ്ഡിൽ വാഹന ഇടപാടുകളുമായി ബന്ധപ്പെട്ട ആർസി ബുക്കുകളും മറ്റു രേഖകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ആലുവ ഡിവൈഎസ്പി ജി. വേണു, സിഐമാരായ എ. മുഹമ്മദ് റിയാസ്, പി.എം. ബൈജു, എസ്ഐമാരായ സോണി മത്തായി, ടി.വി. ഷിബു, എബി ജോർജ്, സുധീർകുമാർ, ഇ.വി. ഷിബു എന്നിവരടക്കമുള്ള സംഘമാണ് കേസന്വേഷണത്തിനു നേതൃത്വം നല്കുന്നത്.