മാവേലിക്കര: ഗദ്ദിക 2019 ന് മാവേലിക്കരയിൽ ഇന്ന് തിരിതെളിയും. പട്ടിക ജാതി പട്ടികവർഗ വികസന വകുപ്പുകളും കിർത്താഡ്സും ജില്ലാഭരണകൂടവും ചേർന്നൊരുക്കുന്ന മേള 10 ദിവസങ്ങളിലായാണ് നടക്കുന്നത്.പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ നിന്നുള്ള കലാകാരൻമാർ അവതരിപ്പിപ്പിക്കുന്ന നാടൻ കലാ രൂപങ്ങളും പരന്പരാഗത വനവിഭവങ്ങളുടെയും ഭക്ഷ്യ വസ്തുക്കളുടേയും മരുന്നുകളുടേയും പ്രദർശനവിപണനവും ചെറുകിട വ്യവസായ ഉൽപന്നങ്ങളുടെ പ്രദർശന വിപണനവുമാണ് മേളയുടെ പ്രധാന ആകർഷണം.
ആയിരത്തോളം കലാസാംസ്കാരിക പ്രവർത്തകരും തനത് ചെറുകിട സംരംഭകരും ഗദ്ദിക മേളയിൽ വ്യത്യസ്ത ദിവസങ്ങളിലായി പങ്കെടുക്കും. ഗദ്ദികയിൽ നിന്നും ലഭിക്കുന്ന വിറ്റുവരവ് പൂർണമായും ഉൽപാദകർക്ക് ലഭിക്കുന്നു എന്നതാണ് മേളയുടെ സവിശേഷത. ഒരേസമയം ഉൽപന്നങ്ങൾക്കുള്ള വിപണന സൗകര്യം ഒരുക്കുകയും പരന്പരാഗത കലകൾക്കും കലാകാരൻമാർക്കും പ്രോത്സാഹനം നൽകുകയുമാണ് ഗദ്ദികയിലൂടെ ലക്ഷ്യമിടുന്നത്.
പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള സംരഭകർക്കായി 60 സ്റ്റാളുകളും പട്ടികവർഗ വിഭാഗങ്ങളിൽ നിന്നുള്ള സംരഭകർക്കായി 20 സ്റ്റാളുകളുമണ് മേളയിൽ ഒരുക്കിയിട്ടുള്ളത്. വെകുന്നേരം 3.30നു പുതിയകാവിൽ നിന്നും സാംസ്കാരിക ഘോഷയാത്രയ്ക്ക് തുടക്കമാകും. തനത് പരന്പരാഗത നാടൻ കലാരൂപങ്ങൾ ഘോഷയാത്രക്ക് നിറം പകരും. തുടർന്ന് നാലിന് ഗദ്ദിക നഗരിയായ കോടിക്കൽ ഗാർഡൻസിൽ നടക്കുന്ന സമ്മേളനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മേള ഉദ്ഘാടനംചെയ്യും.
ഗദ്ദിക പോർട്ടൽ പ്രകാശനവും ഗവർണർ നിർവഹിക്കും. പട്ടിക ജാതി പട്ടിക വർഗ പിന്നാക്ക വിഭാഗ ക്ഷേമ, സാംസ്കാരിക മന്ത്രി എ.കെ. ബാലൻ അധ്യക്ഷത വഹിക്കും. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ മുഖ്യാതിഥിയാകും. മേളയിൽ പ്രവേശനം സൗജന്യമായിരിക്കും.
ഗദ്ദികയിൽ ഇന്ന്
ഇരുള നൃത്തം, കണ്ഠകർണൻ തെയ്യം, നാടൻ പാട്ടുകൾ തുടങ്ങിയ കലാപരിപാടികൾ
മീഡിയ സെന്റർ പ്രവർത്തനമാരംഭിച്ചു
മാവേലിക്കര: ഗദ്ദിക നാടൻ കലാമേള നഗരിയിൽ മാധ്യമ പ്രവർത്തകർക്കായി ക്രമീകരിച്ചിരിക്കുന്ന മീഡിയ സെന്ററിന്റെ ഉദ്ഘാടനംസ്വാഗതസംഘം ചെയർമാൻ ആർ.രാജേഷ് എംഎൽഎ യുടെ സാന്നിദ്ധ്യത്തിൽ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. രഘുപ്രസാദ് നിർവഹിച്ചു. തുടർന്ന് ലോഗോ പ്രകാശനവും നടന്നു. മാവേലിക്കര നഗരസഭാ ചെയർപേഴ്സണ് ലീലാ അഭിലാഷ് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ് എന്നിവർ ചേർന്ന് ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജേക്കബ്ബ് ഉമ്മൻ, കെ.സുമ എന്നിവർക്ക് ലോഗോ കൈമാറിക്കൊണ്ട് പ്രകാശനം നിർവഹിച്ചു.