എറിയാട്: ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ വിദ്യാർഥികൾ ഏറ്റവും സുരക്ഷിതമായി പഠിക്കുന്ന ഇടമാണ് കേരളമെന്ന് ന്യൂനപക്ഷക്ഷേമ-ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ. കെ.ടി. ജലീൽ. കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം ശക്തമായിരുന്നില്ലെങ്കിൽ ഇതരസംസ്ഥാനങ്ങൾക്ക് സമാനമായ സ്ഥിതിയിൽ കേരളം മാറിയേനെ. അതിൽനിന്നു വ്യത്യസ്തമായി സ്വപ്ന സമാനമായ പാതയിലാണ് ഇന്നു കേരളമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് പാസ്വേഡ് 2019-20 ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാന്പ് സംസ്ഥാനതല ഉദ്ഘാടനവും അഴീക്കോട് സീതിസാഹിബ് ഹൈസ്കൂൾ കെട്ടിടം പുനർനിർമാണ ശിലാസ്ഥാപന കർമവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയിൽ ദേശീയ പ്രശസ്തിയിൽ നിൽക്കുന്ന വിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ ജീവനും സുരക്ഷയും അവതാളത്തിലായ സാഹചര്യത്തിൽ അതിനൊരു ബദൽ മാതൃകയാണ് കേരളം. അത്തരം സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള പദ്ധതികൾക്കാണ് സർക്കാർ രൂപം നൽകുന്നത്.
സുൽത്താൻ ബത്തേരിയിലെ വിദ്യാലയത്തിൽ നടന്ന ഒറ്റപ്പെട്ട സംഭവത്തെ മുൻ നിർത്തി വിദ്യാഭ്യാസ പ്രസ്ഥാനത്തെയും അധ്യാപകസമൂഹത്തെയും ഒന്നടങ്കം മാറ്റി നിർത്താനുള്ള വ്യാജ പ്രചരണമാണ് നടത്തുന്നത്.പൊതുവിദ്യാഭ്യാസ രംഗം ശക്തമായാൽ വർഗീയതയ്ക്ക് സമൂഹത്തിൽ ഇടമുണ്ടാകില്ല. പള്ളി മിനാരങ്ങളിലൂടെയും വോട്ടർ പട്ടികയിലൂടെയും വിദ്യാഭ്യാസ രംഗം ദുർബലമാക്കി മതാന്ധത വളർത്താൻ ചിലർ രഹസ്യമായി നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയണം.
നാടിന്റെ പരിച്ഛേദത്തിൽ നിന്ന് സൗഹൃദം വളർത്തിയെടുക്കാൻ കഴിയുന്ന ഇടങ്ങളാണ് കേരളത്തിലെ പൊതുവിദ്യാലയങ്ങൾ. അതത് സമുദായത്തിൽ നിന്ന് കൂട്ടുകാരെ തെരഞ്ഞെടുക്കാനുള്ള പ്രവണതയിൽ നിന്ന് കുട്ടികളെ നിരുത്സാഹപ്പെടുത്തണം. ബഹുസ്വരതയും മതനിരപേക്ഷതയും ചെറുപ്പത്തിലേ ആർജ്ജിക്കാൻ കഴിയുന്ന ഇടങ്ങളാണ് പൊതുവിദ്യാലയങ്ങൾ. അവ അക്ഷരങ്ങളും അറിവും പകരുന്ന കേന്ദ്രങ്ങൾ മാത്രമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇ.ടി.ടൈസണ് മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിസിഎംവൈയിൽ നിന്ന് ജോലി കിട്ടിയവർക്കുള്ള ഉപഹാരസമർപ്പണവും നടത്തി. ജില്ലാ കളക്ടർ എസ്. ഷാനവാസ് ആമുഖ പ്രഭാഷണവും അഡ്വ. വി .ആർ. സുനിൽകുമാർ എംഎൽഎ മുഖ്യപ്രഭാഷണവും നിർവഹിച്ചു.
കൊടുങ്ങല്ലൂർ നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ, എറിയാട് പഞ്ചായത്ത് പ്രസിഡണ്ട് പ്രസാദിനി മോഹനൻ, ജില്ലാ പഞ്ചായത്ത് അംഗം നൗഷാദ് കൈതവളപ്പിൽ, സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ എ.ബി. മൊയ്തീൻകുട്ടി, ഡോക്ടർ പി.എ. മുഹമ്മദ് സെയ്ദ്, സിസിഎംവൈ പ്രിൻസിപ്പൽ ഡോ . കെ.കെ. സുലൈഖ, ഹെഡ്മിസ്ട്രസ് കെ.എസ്. മധു, പ്രിൻസിപ്പൽ ടി.വി. സമീന എന്നിവർ പങ്കെടുത്തു.
ഹൈസ്കൂൾ-ഹയർ സെക്കൻഡറി തലങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനം ലക്ഷ്യം വെച്ച് സംസ്ഥാന ന്യൂനപക്ഷ വകുപ്പ് നടപ്പിലാക്കുന്ന വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് പരിശീലന ക്യാന്പാണ് പാസ്വേഡ് 2018-2019.