ബാന്ദ: ജനിച്ചതെല്ലാം പെൺമക്കളാണെന്നു കാരണത്താൽ ഭാര്യയെ ഭർത്താവ് വീട്ടിൽനിന്നു പുറത്താക്കി. ഉത്തർപ്രദേശിലെ ബാന്ദ ജില്ലയിലാണ് സംഭവം. ആറു മക്കളുടെ അമ്മയായ നാൽപ്പതുകാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇവരുടെ ഭർത്താവിനെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
മക്കളെല്ലാം പെൺകുട്ടികളായതിനാൽ തങ്ങളെ വീട്ടിൽനിന്നു പുറത്താക്കിയെന്നും ഭർത്താവ് വിവാഹമോചനത്തിനു ശ്രമിക്കുകയും മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും വീട്ടമ്മ പോലീസിനു നൽകിയ പരാതിയിൽ പറയുന്നു.
തന്നെ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കാൻ ശ്രമമുണ്ടായതായും പരാതിയിൽ വീട്ടമ്മ വ്യക്തമാക്കുന്നു. ഇവരുടെ മൂത്ത കുട്ടിക്ക് 15 വയസും ഇളയകുട്ടിക്ക് രണ്ടു വയസുമാണുള്ളത്. ഭർത്താവിന്റെ സഹോദരനെതിരേയും കേസെടുത്തിട്ടുണ്ട്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് എസ്പി സാഹ പറഞ്ഞു.