കോട്ടയം: അകലക്കുന്നം പഞ്ചായത്ത് പൂവത്തിളപ്പ് വാർഡിൽ ഉപതെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ്-എമ്മിലെ പി.ജെ ജോസഫ്, ജോസ് കെ.മാണി വിഭാഗങ്ങൾ ഒരേ മുന്നണിയിൽ മത്സരിക്കുന്ന സാഹചര്യത്തിൽ കോണ്‍ഗ്രസ് മധ്യസ്ഥ ശ്രമം തുടങ്ങിയെങ്കിലും ഫലം കാണുന്നില്ല. ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്കു തയാറാകാത്ത സാഹചര്യത്തിൽ പുതിയ പോംവഴി കണ്ടെത്തുകയാണ് കോണ്‍ഗ്രസ്.
അകലക്കുന്നം പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിഷയത്തിൽ മാത്രം ഒതുങ്ങുന്നതല്ല ജോസഫ്, ജോസ് വിഭാഗങ്ങൾ തമ്മിലുള്ള പോര്. മറ്റുസ്ഥലങ്ങളിലെ പ്രശ്നങ്ങളിലും ഇടപെട്ട് വീതംവയ്പ് നടത്തണമെന്നാണ് ഇപ്പോൾ ഇരുപക്ഷവും ഉയർത്തുന്ന ആവശ്യം. കോണ്‍ഗ്രസിനു വ്യക്തമായ സ്വാധീനമുള്ള വാർഡിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
കോണ്‍ഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ പി.ജെ. ജോസഫും ജോസ് കെ. മാണിയുമായി ഫോണിൽ സംസാരിച്ച് യുഡിഎഫിന് ഒരു സ്ഥാനാർഥിയെ പാടുള്ളൂവെന്നും നേതൃമാറ്റ കരാറുള്ള വിവിധ തദ്ദേശസ്ഥാപനങ്ങളിൽ അടുത്ത ദിവസം തന്നെ അടിയന്തര രാജിയുണ്ടാകണമെന്നുമുള്ള നിലപാട് അറിയിച്ചു.
ജോസഫ് വിഭാഗത്തിൽ വിപിൻ തോമസ് ആനിക്കൽ രണ്ടില അടയാളത്തിലും ജോസ് വിഭാഗത്തിൽ ജോർജ് മൈലാടി ഫുട്ബോൾ ചിഹ്നത്തിലും പ്രചാരണം തുടങ്ങിയ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഇടപെടൽ. ചങ്ങനാശേരി, ഏറ്റുമാനൂർ നഗരസഭകളിലും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലും രാമപുരം, കരൂർ ഗ്രാമപഞ്ചായത്തുകളിലും ഉൾപ്പെടെ ജില്ലയിൽ ഏഴിടത്ത് കരാറനുസരിച്ച് സ്ഥാനമാറ്റത്തിന് കേരള കോണ്‍ഗ്രസ് തയാറാകാതെ അകലക്കുന്നത്തെ സ്ഥാനാർഥി തർക്കത്തിൽ പരിഹാരമുണ്ടാകില്ലെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
പൂവത്തിളപ്പ് വാർഡിൽ 17ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജോസ്, ജോസഫ് വിഭാഗങ്ങൾ നാളെ മുതൽ കുടുംബയോഗങ്ങളും കണ്‍വൻഷനുകളും വിളിച്ചുകൂട്ടാൻ ആലോചിക്കുന്നു. സ്ഥാനാർഥികൾ വീടുസന്ദർശനം തുടങ്ങിയിട്ടുണ്ട്. എൽഡി എഫ് സ്വതന്ത്രനായി ആന്റോച്ചൻ മൂങ്ങാമാക്കൽ ആപ്പിൾ ചിഹ്നത്തിലും ബിജെപിയിലെ രഞ്ജിത് താമരയിലും മത്സരിക്കുന്നു. ആകെ 830 വോട്ടുകളാണ് പൂവത്തിളപ്പ് വാർഡിലുള്ളത്.