കോട്ടയം: മോട്ടോർവാഹന വകുപ്പിന്റെ പരിശോധനയിൽ ഹെൽമറ്റില്ലാതെ യാത്രചെയ്ത 107പേർ പിടിയിൽ. ഇതിൽ 59 പേർ പിൻസീറ്റിൽ ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്തവരാണ്. സീറ്റ് ബെൽറ്റ് ഇല്ലാത്തതിന് 24പേരിൽനിന്ന് പിഴയും ഈടാക്കി. അമിത ശബ്ദസംവിധാനങ്ങൾ, വെളിച്ചം എന്നിവ ക്രമീകരിച്ച നാലു ടൂറിസ്റ്റ് ബസുകളും പിടികൂടി. ഇന്നലെ പിഴ ഇനത്തിൽ 1,72,250 രൂപ ഈടാക്കി.
ആദ്യ രണ്ടു ദിവസം പലയിടങ്ങളിലും ഉദ്യോഗസ്ഥർ ബോധവത്കരണം നടത്തുകയും പിൻസീറ്റിൽ ഹെൽമറ്റ് വയ്ക്കാത്തവരെ താക്കീതു ചെയ്തു വിടുകയുമാണു ചെയ്തത്. ഇന്നലെ മുതൽ നിയമം കർശനമാക്കിയിരിക്കുകയാണ്. ഡിജിപിയുടെ നിർദേശ പ്രകാരം വാഹനപരിശോധനയ്ക്കിടയിൽ ഹെൽമറ്റ് ധരിക്കാത്തവരെ കൈകാണിക്കും. നിർത്താതെ പോകുന്നവരെ പിൻതുടരുകയില്ല.
പകരം കാമറയിൽ ഫോട്ടോയെടുത്ത് വണ്ടി നന്പറിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുകയുമാണ് ചെയ്യുന്നത്. മോട്ടോർ വാഹനവകുപ്പും പോലീസും പരിശോധനകൾ കർശനമാക്കിയതോടെ പിൻസീറ്റിലുള്ള ഭൂരിഭാഗം ആളുകളും ഹെൽമറ്റ് ധരിച്ചു തുടങ്ങിയതായി അധികൃതർ പറഞ്ഞു.
യുവാക്കളും കോളജ് വിദ്യാർഥികളും ഇപ്പോഴും ഹെൽമറ്റ് ധരിക്കാതെ പായുന്നതായും പോലീസ് പറഞ്ഞു. ചിലയിടങ്ങളിൽ പോലീസ് ഇപ്പോഴും ലഘുലേഖകൾ വിതരണം ചെയ്ത് ബോധവത്കരണം നടത്തുന്നുണ്ട്. വഴിയോരങ്ങളിൽ ബൈക്കുകളിൽ ലിഫ്റ്റ് ചോദിച്ച് പിന്നിൽ യാത്ര ചെയ്തിരുന്നവരാണ് പുതിയ നിയമം വന്നതോടെ കുരുങ്ങിയത്. പരിശോധന ഭയന്നു പരിചയക്കാരെ കണ്ടാലും ഒപ്പം കൊണ്ടുപോകാൻ പറ്റാത്ത സാഹചര്യമാണ്.
പിന്നിലെ യാത്രക്കാരനു ഹെൽമറ്റില്ലെങ്കിൽ ബൈക്ക് ഉടമയാണു പിഴ നൽകേണ്ടത്. ചിലരാകട്ടെ ഒരു ഹെൽമറ്റ് കൂടി വാങ്ങി വണ്ടിയിൽ ലോക്ക് ചെയ്തു സൂക്ഷിച്ചിരിക്കുകയാണ്. പല കുടുംബങ്ങളിലും മൂന്നും നാലും ഹെൽമറ്റുകളായി.