കൊച്ചി: ഇന്ത്യയുടെ ആദ്യ 100 രൂപ നോട്ട് ഉള്‍പ്പെടെ വിവിധ കാലഘങ്ങളില്‍ ഇറങ്ങിയ 100 രൂപയുടെ വ്യത്യസ്ത കറന്‍സി നോട്ടുകളുടെ ശേഖരവുമായി അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റലിലെ പിആര്‍ഒ ആന്‍ഡ് മീഡിയ റിലേഷന്‍സ് ഓഫീസറായ ഷൈജു കുടിയിരിപ്പില്. ഇന്ത്യയുടെ ആദ്യ 100 രൂപ നോട്ട് പുറത്തിറങ്ങിയിട്ട് 102 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. 1917 നവംബര്‍ 27 നാണ് ഇന്ത്യയുടെ ആദ്യ 100 രൂപ നോട്ട് ബ്രിട്ടീഷ് ഗവണ്മെന്റd പുറത്തിറക്കുന്നത്. ജോര്‍ജ് ആറാമന്റെ ചിത്രമായിരുന്നു ആദ്യ 100 രൂപ നോട്ടിലുണ്ടായിരുന്നത്.
1935 ല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രൂപം കൊള്ളുന്നതുവരെ ഈ നോട്ടാണ് ഉണ്ടായിരുന്നത്. 1950 ജനുവരിയിലാണ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ 100 രൂപ നോട്ട് പുറത്തിറങ്ങുന്നത്. 1960 കളില്‍ ഹിരാക്കുഡ് ഡാമിന്റെയും ഹൈഡ്രോ ഇലക്ട്രിക് പവര്‍ സ്റ്റേഷന്റെയും ചിത്രം നോട്ടിന്റെ മറുവശത്ത് സ്ഥാനം പിടിച്ചിരുന്നു. അതുവരെ ഈറ്റക്കാടുകളുടെ പശ്ചാത്തലത്തിലുള്ള ആനയുടെ ചിത്രമായിരുന്നു ഉണ്ടായിരുന്നത്.
1987 മുതലാണ് ഗാന്ധി ചിത്രത്തോടുകൂടി കറന്‍സി നോട്ടുകള്‍ ഇറങ്ങി തുടങ്ങിയത്. ആദ്യം എട്ട് ഭാഷകളിലാണ് നോട്ടില്‍ കറന്‍സിയുടെ മൂല്യം കാണിച്ചിരുന്നത്. ഇതില്‍ മലയാളം ഇല്ലായിരുന്നു. 2012 മുതല്‍ നോട്ടില്‍ രൂപയുടെ ചിഹ്നം ചേര്‍ത്ത് തുടങ്ങി. ഇപ്പോള്‍ പ്രചാരത്തിലുള്ള 100 രൂപ നോട്ട് പുറത്തിറങ്ങുന്നത് 2018 ജൂലൈ മുതലാണ്.
1917 മുതല്‍ 2018 വരെയുള്ള വിവിധ കാലഘട്ടങ്ങളില്‍ ഇറങ്ങിയ 100 രൂപയുടെ 70 ഓളം വ്യത്യസ്ത കറന്‍സി നോട്ടുകള്‍ ഷൈജു കുടിയിരിപ്പിലിന്റെ അപൂര്‍വ്വ കറന്‍സി ശേഖരത്തിലുണ്ട്.