കണ്ണൂർ: കഴിഞ്ഞ ദിവസം കണ്ണോത്തുംചാലിൽ തെരുവുനായയുടെ പരാക്രമത്തിൽ 13 പേർക്ക് പരിക്കേറ്റതിൽ ക്ഷുഭിതരായ നാട്ടുകാർ തെരുവുനായയെ കൊന്ന സംഭവത്തിൽ ടൗൺ പോലീസ് കേസെടുത്തു. മുംബൈയിലെ കാരുണ്യ ട്രസ്റ്റ് സെക്രട്ടറി റീന റിച്ചാർഡ് ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ടൗൺ പോലീസ് കേസെടുത്ത്. മൃഗങ്ങൾക്കെതിരേയുള്ള ക്രൂരപീഡനത്തിനാണ് കേസ്.
ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ടൗൺ എസ്ഐ ടി. ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. കഴിഞ്ഞയാഴ്ച കണ്ണോത്തുംചാലിൽ വ്യത്യസ്ത സംഭവങ്ങളിലായി 13 പേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. എല്ലാവരെയും കടിച്ചത് ഒരേ നായയാണെന്നാണ് നാട്ടുകാരുടെ ആരോപണം. തെരുവുനായയുടെ കടിയേറ്റവരിൽ സ്കൂൾ വിദ്യാർഥികളും വയോധികരുമടക്കമുള്ളവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.