ആലപ്പുഴ: അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ. ആര്.സുധീഷിനെയാണ് ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ആലപ്പുഴ പല്ലാരിമംഗലം സ്വദേശികളും സുധീഷിന്റെ അയല്‍വാസികളുമായ ശശികല, ഭര്‍ത്താവ് ബിജു എന്നിവരാണ് കൊല്ലപ്പെട്ടത്.
ശശികലയോട് സുധീഷ് മോശമായി പെരുമാറിയിരുന്നു. ഇത് ചോദ്യം ചെയ്തതാണ് കൊലയ്ക്ക് കാരണമായത്. ആറുവയസുള്ള മകൻ നോക്കിനിൽക്കെയാണ് ശശികലയേയും ബിജുവിനെയും സുധീഷ് ആക്രമിച്ചത്. ഇരുമ്പു വടികൊണ്ട് അടിച്ചു വീഴ്ത്തി ഇഷ്ടിക കൊണ്ട് തലയ്ക്ക് ഇടിക്കുകയായിരുന്നു.
ശശികല സംഭവസ്ഥലത്തും ബിജു ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും മരിച്ചു. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 23നാണ് സംഭവം നടന്നത്.