റായ്പുർ: സഹപ്രവർത്തകർക്കു നേരെ ഐടിബിപി സൈനികൻ നടത്തിയ വെടിവയ്പിൽ മലയാളി സൈനികനുൾപ്പെടെ ആറു പേർ കൊല്ലപ്പെട്ടു. കോഴിക്കോട് സ്വദേശി ബിജീഷാണ് മരിച്ച മലയാളി. വെടിവയ്പിൽ തിരുവനന്തപുരം സ്വദേശി കോൺസ്റ്റബിൾ എസ്.ബി ഉല്ലാസ് ഉൾപ്പെടെ രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ ചികിത്സയ്ക്കായി വ്യോമമാർഗം റായ്പുരിൽ എത്തിച്ചു.
പശ്ചിമ ബംഗാളിലെ നാദിയ സ്വദേശി മസുദുൾ റഹ്മാൻ ആണ് തന്റെ സഹപ്രവർത്തകർക്കു നേരെ വെടിയുതിർത്തത്. സംഭവത്തിനു ശേഷം ഇയാൾ സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയും ചെയ്തു. ഹിമാചൽ പ്രദേശിലെ ബിലാസ്പുർ സ്വദേശി കോൺസ്റ്റബിൾ മഹേന്ദ്ര സിംഗ്, പഞ്ചാബ് ലുധിയാന സ്വദേശി ഹെഡ് കോൺസ്റ്റബിൾ ദൽജിത് സിംഗ്, പശ്ചിമ ബംഗാളിലെ ബർദ്വുവാൻ സ്വദേശി കോൺസ്റ്റബിൾ സുർജിത് സർക്കാർ, പുരുലിയ സ്വദേശി ബിശ്വരൂപ് മഹതു എന്നിവരാണ് മരിച്ച മറ്റുള്ളവർ.
ബുധനാഴ്ച രാവിലെ ഒമ്പതിന് ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലെ നാരായണ്പൂരിലായിരുന്നു സംഭവം. മസുദുൾ റഹ്മാൻ സർവീസ് റിവോൾവറിൽനിന്ന് സഹപ്രവർത്തകർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. ആറു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. അവധി അപേക്ഷ പരിഗണിക്കാത്തതിൽ മസുദുൾ അസ്വസ്ഥനായിരുന്നെന്നു പറയുന്നു.