കോഴിക്കോട്: ഇരുചക്രവാഹനങ്ങളിലെ രണ്ട് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് ഇന്നലെ മോട്ടോര്‍വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ പിഴയിനത്തില്‍ ഈടാക്കിയത് 35,000 രൂപ. 91 കേസുകളാണ് കോഴിക്കോട് സിറ്റിയിലും റൂറല്‍ പ്രദേശങ്ങളിലുമായി നടത്തിയ പരിശോധനയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 66 കേസുകള്‍ ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിച്ചതുമായി ബന്ധപ്പെട്ടാണ്.
22 കേസുകള്‍ പിന്‍സീറ്റില്‍ ഹെല്‍മറ്റ് ധരിക്കാതെ സഞ്ചരിച്ചതിനാണെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ടി.എം. ഷബീര്‍ പറഞ്ഞു. പരിശോധന ഇന്നും തുടരുമെന്നും പിഴ ഈടാക്കുന്നതില്‍ നിന്ന് പിന്മാറില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പിന്‍സീറ്റില്‍ ഹെല്‍മറ്റില്ലാതെ യാത്രചെയ്താല്‍ 500 രൂപയാണ് പിഴ . ഇത് വാഹനത്തിന്റെ ഉടമയില്‍ നിന്നാണ് ഈടാക്കുക . കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ 1000 രൂപയാക്കും.
ഹെല്‍മറ്റില്ലാതെ രണ്ടുപേര്‍ യാത്ര ചെയ്യുകയാണെങ്കില്‍ രണ്ടു നിയമലംഘനങ്ങളായി കണക്കാക്കി 1000 രൂപ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇരചക്രവാഹനങ്ങളില് പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന് ഹൈകോടതി നേരത്തെ തന്നെ ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് നാലുവയസിന് മുകളിലുള്ള ഇരുചക്രവാഹന യാത്രക്കാര്‍ ബിഐഎസ് അംഗീകൃത ഹെല്‍മറ്റ് ധരിക്കണമെന്ന് ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശിച്ചത്.