പരാതി പറയാൻ കസ്റ്റമർ കെയറിൽ സ്ഥിരമായി വിളിച്ച് ശല്യപ്പെടുത്തിയയാൾ അറസ്റ്റിൽ. ജപ്പാനിലാണ് സംഭവം. 71 വയസുകാരനായ ഇയാൾ ജപ്പാനിലെ പ്രമുഖ ടെലി കമ്യൂണിക്കേഷൻ കമ്പനിയായ കെഡിഡിഐയുടെ ടോൾ ഫ്രീ നമ്പരിലേക്കാണ് പതിവായി വിളിച്ചത്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 24,000 പ്രാവശ്യം ഇയാൾ വിളിച്ചുവെന്നാണ് കമ്പനി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
കമ്പനി നൽകുന്ന സേവനങ്ങളെപ്പറ്റി പരാതി പറയുന്ന ഇദ്ദേഹം മാപ്പ് പറയുവാനും ജീവനക്കാരോട് ആവശ്യപ്പെടും. ഒരു ദിവസം 33 പ്രാവശ്യം വരെ ഫോണ് വിളിക്കുന്ന ഇയാൾ വലിയ തലവേദനയായി മാറിയതാണ് കമ്പനിയെ ഇത്തരമൊരു നടപടി സ്വീകരിക്കുവാൻ പ്രേരിപ്പിച്ചത്.
ഇദ്ദേഹത്തിന്റെ പ്രവർത്തി കാരണം മറ്റ് കസ്റ്റമേഴ്സിന്റെ പരാതികൾ ഫലപ്രദമായി പരിഹരിക്കുവാൻ ജീവനക്കാർക്ക് സാധിച്ചിരുന്നില്ല. ഇദ്ദേഹത്തിന്റെ ശല്യം ഒരു വിധത്തിലും പോകില്ലെന്ന് മനസിലാക്കിയതോടെ കമ്പനി അധികൃതർ പോലീസിനെ ബന്ധപ്പെടുകയായിരുന്നു.
കഴിഞ്ഞ മാസം അറസ്റ്റിലായ ഇദ്ദേഹം പോലീസിന്റെ നിരീക്ഷണത്തിലാണ്. സംഭവം പുറത്തായതിനെ തുടർന്ന് ഇദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണമുയരുന്നുണ്ട്. കെഡിഡിഐയെ പോലെ ഒരു സ്ഥാപനത്തിന് ഈ പ്രശ്നം കുറച്ചു കൂടി ലളിതമായി പരിഹരിക്കാമായിരുന്നുവെന്നും അഭിപ്രായമുയരുന്നുണ്ട്.