സ്കൂൾ വിദ്യാർഥികൾക്ക് നൽകിയ ഉച്ചഭക്ഷണത്തിൽ ചത്ത എലി. ഉത്തർപ്രദേശിലെ മുസാഫർനഗറിലെ സർക്കാർ ഇന്റർ-കോളജിലാണ് സംഭവം. ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാർഥികൾക്കാണ് ഭക്ഷണം നൽകിയത്. ജൻ കല്യാണ് സാൻസ്ത കമ്മിറ്റി എന്ന എൻജിഒയാണ് ഉച്ചഭക്ഷണം വിതരണം ചെയ്തത്.
ഭക്ഷണം കഴിച്ച ഒൻപത് വിദ്യാർഥികൾക്കും ഒരു അധ്യാപികയ്ക്കും ദേഹാസ്വസ്ഥം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തോട് സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചിട്ടില്ല. ഭക്ഷണം വിതരണം ചെയ്ത എൻജിഒയ്ക്ക് എതിരെ അന്വേഷണം നടത്താൻ മുസാഫർനഗർ ജില്ല മജിസ്ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്.