തുറവൂർ: കാലപ്പഴക്കത്തിൽ തകർന്ന് വീഴാറായ സ്കൂൾകെട്ടിടം കുരുന്നുകൾക്ക് ഭീഷണിയാകുന്നു. ദേശീയപാതയോരത്തെ കോടംതുരുത്ത് ഗവ. വി.വി. ഹയർ സെക്കൻഡറി സ്കൂൾ പ്രവേശന കവാടത്തിനരികിൽ തകർന്നു വീഴാറായ കെട്ടിടമാണ് കുട്ടികളുടെ ജീവനു ഭീഷണിയായിട്ടും പൊളിച്ചുമാറ്റാത്തത്. ഓടിട്ട ഈ കെട്ടിടം രണ്ടു വർഷത്തോളമായി ജീർണാവസ്ഥയിലാണ്.
നാലു ക്ലാസ്മുറികൾ അടങ്ങുന്ന കെട്ടിടത്തിന്റെ മേൽക്കൂരയാണ് കാലപ്പഴക്കത്താൽ നശിച്ചത്. അടച്ചു പൂട്ടിയിട്ടിരിക്കുന്ന കെട്ടിടത്തിനുള്ളിൽ ഉപേക്ഷിക്കപ്പെട്ടതും മേൽക്കൂരയിൽ നിന്നിളകി വീണതും ഉപയോഗ ശൂന്യമായ തടികളും നിറഞ്ഞു കിടക്കുന്നതിനാൽ പാന്പുകളുടെ ഉൾപ്പെടെ കേന്ദ്രമാണ്. കുട്ടികളെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയെങ്കിലും ശോച്യാവസ്ഥയിലായ കെട്ടിടം പഴയ നിലയിൽ തുടരുകയാണ്. സ്കൂൾ ഓഫീസിനരികിലെ ഓടുമേഞ്ഞ മറ്റൊരു കെട്ടിടവും ശോച്യാവസ്ഥയിലാണ്.
അരൂർ ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് സ്റ്റേഷനായി പ്രവർത്തിച്ച ഈ കെട്ടിടത്തിനു മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയാണ് ഉദ്യോഗസ്ഥർ മഴയിൽ നിന്ന് രക്ഷപ്പെട്ടത്. ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന കോടംതുരുത്തിലെ പ്രധാന സ്കൂളാണിത്. കെട്ടിടം പൊളിച്ചുമാറ്റാനും തുടർ നടപടികൾക്കും ജില്ലാ പഞ്ചായത്ത് അധികൃതരുടെ അനുമതി വേണം. സ്കൂൾ അധികൃതർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും നടപടികളിലെ കാലതാമസമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.