പത്തനംതിട്ട: പച്ചക്കറി, പലചരക്ക് സാധനങ്ങളുടെ വില കുതിച്ചുയർന്നു. തമിഴ്നാട്ടിൽ മഴ പെയ്തുവെന്ന കാരണത്താൽ പച്ചക്കറിക്കു വിപണിയിൽ ക്ഷാമം. നിത്യോപയോഗ സാധനങ്ങൾക്കു പോലും വില കുതിച്ചുയരുന്പോൾ വിപണിയിൽ ഇടപെടാനാകാതെ പ്രതിസന്ധിയിലാണ് ഭക്ഷ്യ വകുപ്പ്.
സിവിൽ സപ്ലൈസ് കോർപറേഷന്റെ സപ്ലൈകോ വില്പനശാലകളിൽ അവശ്യവസ്തുക്കൾക്ക് ആഴ്ചകളായി ക്ഷാമമാണ്. സബ്ഡിസി നിരക്കിൽ ലഭിച്ചിരുന്ന ഉത്പന്നങ്ങൾ ലഭ്യമല്ലെന്നായതോടെ പൊതുവിപണിയിൽ ഇവയുടെ വില കുതിച്ചുയരുകയാണ്.സവാള, ഉള്ള വിലയാണ് റെക്കോർഡിലായത്.
സവാളയ്ക്ക് കിലോഗ്രാമിന് 140 രൂപ വരെയെത്തി. ഉള്ളിയുടെ വില 160 രൂപയുമായി. പച്ചക്കറികൾക്കെല്ലാം തീ വിലയാണ്. കാരറ്റിന് കിലോഗ്രാമിന് 100 രൂപയാണ് വില. പയർ, ബീൻസ് തുടങ്ങിയവ ലഭ്യമല്ലെന്നായി. തക്കാളിക്ക് 50 രൂപയും മറ്റു സാധനങ്ങൾക്ക് സമാനരീതിയിലും വില ഉയർന്നുകൊണ്ടിരിക്കുകയാണ്.
തമിഴ്നാട്ടിലെ മഴയുടെ പേരിൽ പച്ചക്കറി വിപണിയിൽ വിലക്കയറ്റവും സാധനങ്ങൾക്കു ക്ഷാമവുമാണ്. അരി, മുളക്, ഉഴുന്ന്, പരിപ്പ് തുടങ്ങിയ പലവ്യഞ്ജന സാധനങ്ങളുടെയും വിലയും കൂടി. ഉഴുന്നിന് 140 രൂപയാണ് വില. കുത്തരി വില പ്രതിദിനം വർധിക്കുകയാണ്. പുറമേ നിന്നുള്ള അരിയുടെ വിലയാണ് വർധിക്കുന്നത്. കിലോഗ്രാമിന് 46 രൂപവരെയാണ് കുത്തരി വില. സപ്ലൈകോ വില്പനശാലകളിൽ അരി, മുളക്, മല്ലി തുടങ്ങിയവ ലഭ്യമല്ലെന്നായതോടെ പൊതുവിപണിയിൽ ആവശ്യക്കാരേറി.
ഹോട്ടലുകൾ അടച്ചിടേണ്ടിവരുമെന്ന് ഉടമകൾ
പത്തനംതിട്ട: വിലക്കയറ്റവും അനധികൃത ഭക്ഷണശാലകളും കാരണം ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധിയിൽ. ഈ നില തുടർന്നാൽ ഹോട്ടലുകൾ അടച്ചിടേണ്ടി വരുമെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
നിലിവലെ സാന്പത്തിക മാന്ദ്യത്തിൽ 60 ശതമാനം വ്യാപാരം കുറഞ്ഞിരിക്കുകയാണ്. നിത്യോപയോഗ സാധനങ്ങളുടെയും പാചകവാതകത്തിന്റെയും വില കുതിച്ചുയരുന്നു. സവാള, ഉഴുന്ന്, ഉള്ളി, പച്ചക്കറി, പലചരക്ക്, പാൽ എന്നിവയുടെ വില ക്രമാതീതമായി ഉയരുകയാണ്. പാചകവാതകത്തിന്റെയും വൈദ്യുതിയുടെയും നിരക്ക് കൂടിക്കൊണ്ടിരിക്കുന്നു.
പാചകവാതകത്തിന്റെ വില 900 രൂപയിൽ നിന്ന് 1200 രൂപയിലെത്തി. നിലവിലെ സാഹചര്യത്തിലെ ഭക്്ഷണവില വർധിപ്പിക്കാനുമാകില്ല. നിത്യോപയോഗസാധനങ്ങളുടെ വില നിയന്ത്രിക്കുകയും വഴിയോര ഭക്ഷണശാലകൾ നിയമവിധേയമാക്കുകയുമാണ് പ്രതിസന്ധിക്കു നേരിയ പരിഹാരമെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.