പത്തനംതിട്ട: മഹാപ്രളയത്തിൽ സകലതും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് നൽകിയ സഹായം തിരികെ പിടിക്കുന്നതുമായി ബന്ധപ്പെട്ടു ജനരോഷം രൂക്ഷമായതോടെ അധികൃതർ നൽകിയ വിശദീകരണവും വിവാദത്തിൽ. അനുവദിച്ച തുകയെ സംബന്ധിച്ച് വ്യക്തമായ വിവരം ഗുണഭോക്താക്കൾക്ക് ഇല്ലെന്നിരിക്കേ അനധികൃതമെന്ന വിശദീകരണത്തിലെ സാധുത ചോദ്യം ചെയ്യപ്പെടുന്നു.
പ്രളയസഹായം അനുവദിച്ചതിലെ വീഴ്ചയും പാളിച്ചകളും വ്യക്തമാക്കുന്നതായി വിശദീകരണം. അനർഹമായി ലഭിച്ച തുകയാണ് മടക്കി നൽകേണ്ടതെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ് ഇന്നലെ വ്യക്തമാക്കി. എന്നാൽ തുക അനർഹമാണെന്ന വിശ്വാസം ഗുണഭോക്താക്കൾക്കില്ല. പ്രളയത്തിൽ വീടുൾപ്പെടെ നഷ്ടമായവർക്ക് ലഭിച്ച തുക അധികമാണെന്ന വിശ്വാസം ഗുണഭോക്താക്കൾക്കില്ല.
പ്രളയം ജില്ലയിൽ ഏറ്റവും രൂക്ഷമായി ബാധിച്ച കോഴഞ്ചേരി, തിരുവല്ല താലൂക്കുകളിൽ നിന്ന് ലഭിച്ച അപേക്ഷകൾ പരിഗണിച്ച് സമയബന്ധിതമായി തീർപ്പാക്കുകയും അർഹരായ എല്ലാ ഗുണഭോക്താക്കൾക്കും ധനസഹായം അനുവദിക്കുകയും ചെയ്തിരുന്നതായി ജില്ലാ കളക്ടർ പി.ബി. നൂഹ് പറഞ്ഞു.
എന്നാൽ പ്രാഥമികമായി ലഭിച്ച പരാതിയിലെ പരിശോധനയുടെ അടിസ്ഥാനത്തിൽ തുക അനുവദിച്ച ചില ഗുണഭോക്താക്കൾ അവർക്ക് കൂടുതൽ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നും കൂടുതൽ നഷ്ടപരിഹാരതുകയ്ക്ക് അർഹതയുണ്ടെന്നും സൂചിപ്പിച്ച് അപ്പീൽ അപേക്ഷ സമർപ്പിച്ചിരുന്നു.
ഈ അപേക്ഷകൾ പരിശോധിച്ചതിൽ ചിലർക്ക് അർഹത ഉണ്ടെന്ന് കണ്ടെത്തി ഉയർന്ന തുക അനുവദിക്കുകയും ചെയ്തു.
ഇത്തരത്തിൽ രണ്ടാമത് ഉയർന്ന തുക അനുവദിച്ച കോഴഞ്ചേരി താലൂക്കിലെ 36 ഗുണഭോക്താക്കൾക്ക് രണ്ടാമത് ഉയർന്ന തുക അനുവദിച്ചപ്പോൾ ആദ്യം അനുവദിച്ച തുക കിഴിച്ച് ബാക്കി തുക നൽകേണ്ടതിനു പകരം മൊത്തം തുകയും വീണ്ടും അനുവദിക്കുകയായിരുന്നു. ഇങ്ങനെ അധികമായി അനുവദിച്ച തുകയാണ് ഇപ്പോൾ തിരിച്ചു നൽകണമെന്ന് അറിയിച്ചുകൊണ്ട് നോട്ടീസ് നൽകിയിരിക്കുന്നത്.
കോഴഞ്ചേരി താലൂക്കിൽ 36 ഗുണഭോക്താക്കൾക്കായി ആകെ 23,25,000 രൂപ അധികമായി അനുവദിച്ചിരുന്നു. 36 ഗുണഭോക്താക്കളോടു രണ്ടു തവണ അനുവദിച്ച തുകയിൽ നിന്നും പ്രാഥമികമായി അനുവദിച്ച തുക തിരിച്ചടയ്ക്കുന്നതിന് നിർദ്ദേശിച്ചിരുന്നു.
ഇതിൽ 15 ഗുണഭോക്താക്കൾ തങ്ങൾക്ക് അനർഹമായി ലഭിച്ച 6,45,000 രൂപാ തിരികെ അടച്ചു. ബാക്കി 16,80,000 രൂപാ 21 ഗുണഭോക്താക്കളിൽ നിന്നും തിരികെ ഈടാക്കുന്നതിനുള്ള അടിയന്തര നടപടികളാണ് ഇപ്പോൾ നടക്കുന്നതെന്നും കളക്ടർ പറഞ്ഞു.
കോഴഞ്ചേരി വില്ലേജിലെ കാഞ്ഞിരമണ് മേലുകര ഗിരീഷ്കുമാറിന് 2019 ജനുവരി 24ന് 60,000 രൂപ ആദ്യം നൽകിയിരുന്നു. 2019 മേയ് 30ന് രണ്ടാമതായി 1.25 ലക്ഷം രൂപ കൂടി അനുവദിച്ചു. ഇതോടെ ആകെ ഇയാൾക്ക് ലഭിച്ച തുക 1.85 ലക്ഷം രൂപയായി. വാസ്തവത്തിൽ ഗിരീഷിന് രണ്ടാമത് ലഭിക്കേണ്ടിയിരുന്നത് 65,000 രൂപയായിരുന്നു. 1.85 ലക്ഷം രൂപ ലഭിച്ച ഗിരീഷ് അതിൽ നിന്ന് 60,000 രൂപ തിരികെ അടയ്ക്കാനാണ് നോട്ടീസ്.
മഹാപ്രളയത്തിൽ വീടിനു തകർച്ചയുണ്ടാകുകയും വീട്ടുസാധനങ്ങൾ നഷ്ടപ്പെടുകയും ചെയ്ത ഗിരീഷ്് ആദ്യം 60,000 രൂപ അനുവദിച്ചപ്പോൾ അതു തീരെ കുറവെന്നു വന്നപ്പോൾ അധികൃതരെ കണ്ടതിനുശേഷമാണ് അപ്പീൽ നൽകിയത്. അപ്പീലിനേ തുടർന്ന് 1.25 ലക്ഷം രൂപയായി സഹായം ഉയർത്തിയ വിവരം തന്നെ അറിയിച്ചിരുന്നില്ലെന്ന് ഗിരീഷ് പറഞ്ഞു.
ഒരു ഗഡു കൂടി പ്രതീക്ഷിച്ചിരിക്കുന്പോഴാണ് പണം തിരികെ അടയ്ക്കാനുള്ള നോട്ടീസ് തിരികെയെത്തുന്നതെന്നും ഗിരീഷ് പറഞ്ഞു. ലഭിച്ച തുക ഉപയോഗിച്ച് വീടിന്റെ അറ്റകുറ്റപ്പണികൾ നടത്തി. മാതാവ് കിടപ്പിലായതോടെ തനിക്കു ജോലിക്കു കൂടി പോകാനാകാതായി. ഇതോടെ ഒറ്റപ്പെട്ട അവസ്ഥയിലായ തനിക്ക് പണം തിരികെ അടയ്ക്കാൻ മാർഗമില്ലെന്ന് ഗിരീഷ് പറഞ്ഞു.
കോഴഞ്ചേരി വില്ലേജിലെ മേലുകര അവുതോണ് വീട് പൊന്നമ്മ രാജന് 2019 ഫെബ്രുവരി 15ന് ആദ്യം 1.25 ലക്ഷം രൂപ അനുവദിച്ചിരുന്നു. 2019 മേയ് 30ന് രണ്ടാമതായി 2.50 ലക്ഷം രൂപകൂടി പൊന്നമ്മയ്ക്ക് അനുവദിച്ചു. ഇതോടെ ഇവർക്ക് ആകെ 3.75 ലക്ഷ രൂപ ലഭിച്ചു. എന്നാൽ പൊന്നമ്മയ്ക്ക് രണ്ടാമത് ലഭിക്കേണ്ടിയിരുന്നത് 1.25 ലക്ഷം രൂപയായിരുന്നുവെന്നാണ് ഇപ്പോൾ അധികൃതർ പറയുന്നത്. മൊത്തത്തിൽ 2.50 ലക്ഷം രൂപയ്ക്കാണ് പൊന്നമ്മയ്ക്ക് അർഹതയുള്ളത്.
അധികമായി നൽകിയ 1.25 ല്ക്ഷം രൂപയാണ് ഇവർ തിരിച്ചടയ്ക്കേണ്ടത്. പ്രളയത്തിൽ വീടു തകർന്ന് ഉപജീവനമാർഗമായ പശുക്കൾ ചത്ത് ദുരിതത്തിലായ പൊന്നമ്മ സർക്കാരിൽ നിന്നു ലഭിച്ച സഹായം പൂർണമായി വിനിയോഗിച്ച് വീട് മെച്ചപ്പെടുത്തി ജീവനോപാധികൾ കണ്ടെത്തി ജീവിതം കരുപിടിപ്പിക്കുന്നതിനിടെയിലാണ ്പണം തിരികെ അടയ്ക്കാനുള്ള നോട്ടീസ് എത്തിയിരിക്കുന്നത്.