മറയൂർ: മഴനിഴലിന്റെ നാടായ മറയൂർ, കാന്തല്ലൂർ ഉൾപ്പെടുന്ന അഞ്ചുനാട് മലനിരകൾ കാഴ്ചയ്ക്ക് നവ്യാനുഭൂതി പകർന്ന് മഞ്ഞുമൂടി. മഴയില്ലാതെ നല്ല തണുപ്പ് അനുഭവപ്പെടുന്നതിനാൽ സഞ്ചാരികളുടെ പ്രിയതാവളമായി മറയൂർ മലനിരകൾ മാറുകയാണ്.
ഇപ്പോൾ സ്കൂളുകളിൽനിന്ന് എത്തുന്ന കുട്ടികളുടെ തിരക്കാണ് കൂടുതലായും. ചെലവ് കുറവായതിനാലും കാഴ്ചകളുടെ വൈവിധ്യവും അനുകൂല കാലാവസ്ഥയുമാണ് സഞ്ചാരികൾ മറയൂർ മേഖലയെ കൂടുതലായി തെരഞ്ഞെടുക്കുന്നതിനു കാരണം. ബസുകളിൽ എത്തുന്ന കുട്ടികൾ മറയൂരിലെത്തി ട്രെക്കിംഗിനായി ജീപ്പുകളെയാണ് കൂടുതലായി ആശ്രയിക്കുന്നത്.
ചന്ദനക്കാടുകളും മുനിയറകളും ഏറെയുള്ള മുരുകൻ മല, ആനക്കോട്ടപ്പാറ, ഭ്രമരം സൈറ്റ്, തേൻപാറ, ശീതകാല പച്ചക്കറി, പഴം തോട്ടങ്ങൾ, മറയൂർ ശർക്കര ഉത്പാദന കേന്ദ്രം എന്നിവ സന്ദർശിച്ച് കുട്ടികൾക്ക് സുരക്ഷിതമായി കുളിക്കുവാൻ കഴിയുന്ന ഇരച്ചിൽപാറ വെള്ളച്ചാട്ടം, കീഴാന്തൂർ കച്ചാരം വെള്ളച്ചാട്ടം, കരിന്പിൻ പാടങ്ങൾ എന്നിവ സന്ദർശിച്ച് മറയൂരിൽ ട്രെക്കിംഗ് അവസാനിക്കും. ലക്കം വെള്ളച്ചാട്ടവും തേയിലത്തോട്ടങ്ങളും തലയാർ തേയില ഫാക്ടറിയും സന്ദർശിക്കാൻ കഴിയും.
കൂടാതെ ചിന്നാർ വന്യജീവി സങ്കേതവും സങ്കേതത്തിനുള്ളിലെ തൂവാനം വെള്ളച്ചാട്ടം, കരിമൂട്ടി വെള്ളച്ചാട്ടം എന്നിവയും സഞ്ചാരികൾക്ക് ഹരംപകരുകയാണ്. ചിന്നാർ വന്യജീവി സങ്കേതത്തിൽ ആന, മാൻ, മ്ലാവ്, കാട്ടുപോത്ത്, മയിൽ തുടങ്ങി പുലി, കടുവ അടക്കമുള്ള വന്യജീവികളുടെ കാഴ്ചകളുമൊരുക്കിയാണ് സഞ്ചാരികളെ അഞ്ചുനാട് മാടിവിളിക്കുന്നത്.