ന്യൂഡൽഹി: ഡൽഹിയിൽ കാറിനുള്ളിൽ ഡോക്ടർമാരെ വെടിയേറ്റു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രോഹിണി സെക്ടർ 13-ലെ ആളൊഴിഞ്ഞ വഴിയിൽ പാർക്ക് ചെയ്തിരുന്ന കാറിലാണു രണ്ടു ഡോക്ടർമാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഓംപ്രകാശ് കുക്രേജ (65), സുദീപ്ത മുഖർജി (55) എന്നിവരെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്. സുദീപ്തയെ വെടിവച്ചു കൊലപ്പെടുത്തിയശേഷം ഓംപ്രകാശ് ജീവനൊടുക്കിയതാകാമെന്നാണു പോലീസ് പറയുന്നത്. മരിച്ച രണ്ടു ഡോക്ടർമാരും ഒരേ ആശുപത്രിയിലെ ജീവനക്കാരാണ്. ഇതിൽ ഒരാൾ മാനേജിംഗ് ഡയറക്ടർ കൂടിയാണ്.
ഓംപ്രകാശും സുദീപ്തയും തമ്മിൽ വിവാഹേതര ബന്ധമുണ്ടായിരുന്നെന്നും തന്നെ വിവാഹം ചെയ്യണമെന്ന സുദീപ്തയുടെ ആവശ്യമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നും പോലീസ് പറയുന്നു. സംഭവത്തിൽ പോലീസ് എല്ലാ സാധ്യതകളും പരിശോധിച്ച് അന്വേഷണം തുടരുകയാണ്.