കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനികളോട് മോശമായ രീതിയില്‍ പെരുമാറിയതിനെ തുടര്‍ന്ന് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച അധ്യാപകനെ കണ്ടെത്താനായില്ല. 40 ദിവസമായിട്ടും അധ്യാപകനെ കുറിച്ച് യാതൊരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല.
കോഴിക്കോട് നഗരത്തിലെ മുസ്ലിം മാനേജ്മെന്റിനു കീഴിലുള്ള ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ബോട്ടണി വിഭാഗം അധ്യാപകനും കുന്നമംഗലം പെരിങ്ങളം സ്വദേശിയുമായ പുല്ലാങ്ങോട്ട് ഇല്ലം കൃഷ്ണന് നമ്പൂതിരിക്കെതിരേയാണ് ടൗണ്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. പാസ്പോര്‍ട്ട് നമ്പര്‍ സഹിതമുള്ള ലുക്കൗട്ട് നോട്ടീസ് ഇതിനകം വിമാനത്താവളങ്ങളില്‍ എത്തിച്ചിട്ടുണ്ട്. അതിനാല്‍ വിദേശത്തേക്ക് കടക്കാന്‍ സാധിക്കില്ല.
അതേസമയം ഒരാഴ്ച മുമ്പാണ് ലുക്കൗട്ട് നോട്ടീസ് തയാറാക്കിയത്. അതിനുമുമ്പ് വിദേശത്തേക്ക് കടക്കാനുള്ള സാധ്യത വിരളമാണെന്നാണ് പോലീസ് പറയുന്നത്. ബന്ധുക്കളുമായും സുഹൃത്തുക്കളുമായും അടുത്തിടപെടാത്ത വ്യക്തിത്വമാണ് പ്രതിക്കുള്ളത്. അതിനാല്‍ ബന്ധുവീടുകളില്‍ ഒളിവില്‍ കഴിയാനുള്ള സാധ്യതയും കുറവാണ്.