സ്വന്തം ലേഖകൻ
തൃശൂർ: ഇന്ധനവിലയേക്കാൾ കുതിപ്പാണ് സവോളയുടേയും ഉള്ളിയുടേയും വില. റീട്ടെയിൽ മാർക്കറ്റിൽ ഇന്ന് സവോളയുടെ വില കിലോയ്ക്ക് 194 രൂപയായി. ഇരുനൂറും കടന്ന് ചെറിയ ഉള്ളിയുടെ വില കുതിക്കുന്നു. വരും ദിവസങ്ങളിൽ ഉള്ളി-സവാള വില ഇതിനുമപ്പുറത്തേക്ക് കടക്കുമെന്നാണ് കച്ചവടക്കാർ കരുതുന്നത്. വിലക്കൂടുതലുണ്ടെങ്കിലും സവാളയും ഉള്ളിയും ആളുകൾ വാങ്ങുന്നുണ്ടെന്നും വാങ്ങുന്ന അളവിൽ കുറവുണ്ടെന്നും കച്ചവടക്കാർ പറയുന്നു.
എന്തു കൊണ്ട് ചിലയിടത്ത് വിലക്കുറവ്….
തൃശൂർ നഗരത്തിലെ ചില സൂപ്പർ മാർക്കറ്റുകളിൽ സവാളയുടേയും ഉള്ളിയുടേയും വില മറ്റിടങ്ങളേക്കാൾ കുറവാണ്. ഇവർ ഇന്ത്യയൊട്ടാകെ വ്യാപാരശൃംഖലയുള്ള സൂപ്പർമാർക്കറ്റുകളാണ്. ഇവർ സവാളയും ചെറിയ ഉള്ളിയും വൻതോതിൽ സംഭരിക്കുകയാണ്. അതുകൊണ്ടാണ് ഇവർക്ക് വില കുറച്ച് സവാളയും ഉള്ളിയും വിലകുറച്ച് നൽകാൻ സാധിക്കുന്നത്.
വഴിവാണിഭത്തിലും വിലക്കുറവ്
ഉള്ളിക്കും സവാളയ്ക്കും വഴിവാണിഭത്തിലും നല്ല കച്ചവടമുണ്ട്. ഇവിടെയും വില അൽപം കുറവുണ്ടെന്നതിനാൽ ആളുകൾ വഴിവാണിഭക്കാരെ ആശ്രയിക്കുന്നുണ്ട്.