തൃക്കരിപ്പൂർ: ഉത്തരകേരളത്തിന്റെ കായികസ്വപ്നങ്ങൾക്ക് കുതിപ്പേകുമെന്നു കരുതപ്പെട്ട തൃക്കരിപ്പൂരിലെ വിവിധോദ്ദേശ സ്റ്റേഡിയം പദ്ധതി കടലാസിലൊതുങ്ങി. പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന നടക്കാവിലെ രാജീവ്ഗാന്ധി സിന്തറ്റിക് ടർഫിനോട് ചേർന്നാണു പൂർണമായും സർക്കാർ ഉടമസ്ഥതയിൽ ആധുനിക സൗകര്യങ്ങളോടെയുള്ള സ്റ്റേഡിയം നിർമിക്കാൻ തീരുമാനിച്ചത്. 32 കോടിയുടെ ടെൻഡർ സർക്കാർ അംഗീകരിച്ചുവെങ്കിലും മറ്റുനടപടികൾ ഒന്നും നീങ്ങിയില്ല.
മേരിമാത കൺസ്ട്രക്ഷൻ കമ്പനിയാണ് ഇൻഡോർ സ്റ്റേഡിയം നിർമാണത്തിന്റെ കരാർ നേടിയിരിക്കുന്നത്. ആറു മാസം പിന്നിട്ടിട്ടും തറക്കല്ലിടൽ പോലും നടന്നില്ല. കായികമന്ത്രി ഇ.പി. ജയരാജൻ വിവിധോദ്ദേശ സ്റ്റേഡിയത്തിന് തറക്കല്ലിടുന്നെന്നറിയിച്ചിരുന്നുവെങ്കിലും അത് മാറ്റിവയ്ക്കുകയായിരുന്നു. നടക്കാവ് വലിയകൊവ്വൽ മൈതാനിയിൽ പഞ്ചായത്ത് കൈമാറിയ ആറര ഏക്കർ ഭൂമിയിൽ മൂന്ന് ഏക്കറിലാണ് സ്റ്റേഡിയം സ്ഥാപിക്കേണ്ടത്.
നിലവിലുള്ള സിന്തറ്റിക്ക് ടർഫിന് പടിഞ്ഞാറും കിഴക്കും ഭാഗങ്ങളിലായി പണിയുന്ന സ്റ്റേഡിയം എല്ലാ കായിക വിനോദങ്ങൾക്കായും ഒരു കുടക്കീഴിൽ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യമിട്ടായിരുന്നു അനുവദിച്ചത്. ബാസ്കറ്റ്ബോൾ, വോളിബോൾ, കബഡി, ടേബിൾ ടെന്നിസ് തുടങ്ങിയ വിഭാഗത്തിന് പ്രത്യേകം സൗകര്യം സ്റ്റേഡിയത്തിലുണ്ടാകുന്ന തരത്തിലാണ് നിർമാണം.
സിന്തറ്റിക്ക് ടർഫ് ഇതിനോടു ചേർക്കുന്നതിനാൽ അവിടെ ഫുട്ബോൾ മത്സരങ്ങൾക്കും പരിശീലനത്തിനും വേദിയാകുമെന്നും അറിയിച്ചിരുന്നു. സ്വിമ്മിംഗ് പൂളും ഉന്നതനിലവാരത്തിലുള്ള കൺവൻഷൻ സെന്ററും ഇതിനോട് അനുബന്ധിച്ചുണ്ടാകും.കേരളത്തിലെ എല്ലാ ജില്ലകളിലും ഇൻഡോർ സ്റ്റേഡിയമെന്ന സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമാണ് നടക്കാവിലെ വലിയകൊവ്വൽ മൈതാനത്ത് വിവിധോദ്ദേശ സ്റ്റേഡിയം നിർമിക്കുതെന്നായിരുന്നു സർക്കാർ പ്രഖ്യാപനമായുണ്ടായത്.
ഈ സർക്കാറിന്റെ ആദ്യത്തെ ബജറ്റിൽ തന്നെ പദ്ധതിക്ക് തുക വകയിരുത്തി പ്രഖ്യാപനവും നടത്തിയിരുന്നു. കണ്ണൂർ, കോഴിക്കോട്, തൃശൂർ ജില്ലകളിലെല്ലാം നിലവിൽ ഇത്തരത്തിലുളള സ്റ്റേഡിയമുണ്ട്. നടക്കാവിൽ നിർമിക്കുന്ന സ്റ്റേഡിയത്തിന് അന്തരിച്ച ഫുട്ബോൾ താരവും പരിശീലകനുമായിരുന്ന എം.ആർ.സി. കൃഷ്ണന്റെ പേര് നൽകാൻ നേരത്തെ തീരുമാനിച്ചിരുന്നു.