വടകര: പുതുപ്പണത്ത് റൂറൽ എസ്പി ഓഫീസിന് സമീപം പട്ടികജാതി വകുപ്പിന് കീഴിൽ ആണ്കുട്ടികൾക്കായുള്ള ഹോസ്റ്റലിന്റെ അവസ്ഥ പരമദനീയം. വൃത്തിഹീനവും അസൗകര്യങ്ങൾ നിറഞ്ഞതുമായ അന്തരീക്ഷത്തിലാണ് കുട്ടികളുടെ വാസം. സുൽത്താൻബത്തേരിയിൽ സ്കൂളിൽ പെണ്കുട്ടി പാന്പ് കടിയേറ്റു മരിച്ച സാഹചര്യത്തിലാണ് ഈ വിഷയം ചർച്ചയാവുന്നത്.
ഇറിഗേഷൻ വകുപ്പ് ഉപേക്ഷിച്ച് അനാഥമായി കിടക്കുന്നതും കാടുപിടിച്ചതുമായ കെട്ടിടങ്ങളാണ് ഹോസ്റ്റലിനു ചുറ്റുമുള്ളത്. ഇതിലേക്ക് കടന്നു ചെന്നാൽ സ്ഥിതി ദുരിതമയം. കുട്ടികളുടെ കിടപ്പുമുറി തികഞ്ഞ ശോച്യാവസ്ഥയിലാണ്. കീറിപ്പറിഞ്ഞ കിടക്കകളും അലമാരകൾ പോലെ രണ്ടു തട്ടുകളിലായി പഴകിയ കട്ടിലുകളും. എട്ടു കുട്ടികളാണ് ഒരു മുറിയിൽ കിടക്കുന്നത്. ഹോസ്റ്റൽ കിണറിൽ നിന്ന് വെള്ളം പന്പു ചെയ്യുന്ന മോട്ടോർ കേടായിട്ട് ഒരു വർഷം കഴിഞ്ഞു.
ഇതോടെ പ്രാഥമിക ആവശ്യങ്ങൾക്കുപോലും പിഞ്ചുകുട്ടികൾ വെള്ളം ചുമക്കേണ്ട അവസ്ഥ. ചുറ്റും കാടുപിടിച്ച് കിടക്കുന്നതിനാൽ പാന്പുകളക്കടമുള്ള ഇഴജന്തുക്കൾ പരിസരത്ത് വിലസുകയാണ്. ഹോസ്റ്റൽ മുറിയുടെ ജനൽ പാളികൾ തകർന്ന നിലയിലാണ്. ചീനംവീട് യൂപി സ്കൂൾ, ജഐൻഎംഎച്ച്എസ്എസ് എന്നിവിടങ്ങളിൽ പഠിക്കുന്നവരാണ് ഇവിടെയുള്ളത്. ഈ കുട്ടികൾക്ക് ഈ അധ്യയന വർഷം പകുതി പിന്നിട്ടിട്ടും യൂണിഫോം ലഭിച്ചിട്ടില്ല.
വീടുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തത് കൊണ്ടാണ് പട്ടികജാതി വകുപ്പ് കുട്ടികൾക്ക് പഠനത്തിനായി ഹോസ്റ്റൽ ഏർപ്പെടുത്തിയത്. എന്നാൽ ചില ഉൗരിനേക്കാൾ ശോചനീയമാണ് ഇവിടുത്തെ അവസ്ഥയെന്ന് രക്ഷിതാക്കൾ പറഞ്ഞു. ലീഗൽ സർവീസ് അതോറിറ്റിയുടെ ഇടപെടലാണ് ചെറിയ മാറ്റങ്ങൾക്ക് കളമൊരുക്കിയത്. നിസഹാരായ ഈ കുട്ടികളുടെ ശോച്യാവസ്ഥയിൽ പട്ടികജാതി വകുപ്പ് അധികൃതർ മൗനം പാലിക്കുന്നതിൽ പ്രതിഷേധം ഉയരുന്നുണ്ട്.