ന്യൂഡൽഹി: മകന്റെ വിവാഹത്തിൽ പങ്കെടുത്തു മടങ്ങിയ സ്ത്രീ അപകടത്തിൽ മരിച്ചു. കൃഷ്ണ സിംഗ്ല എന്ന സ്ത്രീയാണു ബുധനാഴ്ച ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ചൊവ്വാഴ്ച ദക്ഷിണ ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിലുണ്ടായ അപകടത്തിലാണു കൃഷ്ണയ്ക്കു പരിക്കേറ്റത്. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. ഫരീദാബാദിലെ സുരാജ്കുണ്ടിൽ നടന്ന മകന്റെ വിവാഹത്തിൽ പങ്കെടുത്തു മടങ്ങവെയായിരുന്നു അപകടം. കൃഷ്ണയുടെ ഭർത്താവും ഭർതൃസഹോദരിയും വാഹനത്തിലുണ്ടായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും കൃഷ്ണ ബുധനാഴ്ച മരിച്ചു. കൃഷ്ണയുടെ ഭർത്താവാണ് വാഹനം ഓടിച്ചിരുന്നത്. വാഹനമോടിച്ച മഹാവീർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നു സംശയിക്കുന്നു.