തിരുവനന്തപുരം: കാര്യവട്ടത്ത് റണ്ണൊഴുകും പിച്ച് അണിഞ്ഞൊരുങ്ങി ഇന്ത്യവിൻഡീസ് പോരാട്ടത്തിനായി. ഞായറാഴ്ച്ച നടക്കുന്ന രണ്ടാം ട്വന്റി-20 മത്സരത്തിനായി കാര്യവട്ടം സജ്ജമായി. ക്രിക്കറ്റ് പ്രേമികൾക്ക് ആഘോഷിക്കാവുന്ന തരത്തിൽ റണ്‍ മഴസമ്മാനിക്കുന്ന പിച്ചാണ് തയാറാക്കിയിട്ടുള്ളത്. ഇതോടെ കാര്യവട്ടം പുൽമൈതാനം ഞായറാഴ്ച്ച ബാറ്റ്സ്മാൻമാരുടെ പറുദീസയായി മാറുമെന്നാണ് നിഗമനം.
ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ട്
ഇന്ത്യയുടെ ഭാഗ്യഗ്രൗണ്ടാണ് തലസ്ഥാനത്തെ സ്റ്റേഡിയം. ഇവിടെ നടന്നിട്ടുള്ള രണ്ട് അന്താരാഷ്ട്ര മത്സരങ്ങളിലും വിജയം ആതിഥേയർക്ക് ഒപ്പമായിരുന്നു. ഇതിനു മുന്‍പ് ന്യൂസിലാൻഡുമായി നടന്ന ടി 20 മത്സരത്തിൽ ഇന്ത്യ ആറു റണ്‍സ് വിജയം സ്വന്തമാക്കി. ടി20 യേക്കാൾ വേഗത്തിൽ പൂർത്തിയായ ഇന്ത്യ x വെസ്റ്റിൻഡീസ് ഏകദിനത്തിൽ ഇന്ത്യ ഒൻപതു വിക്കറ്റിന്റെ മിന്നും ജയമാണ് സ്വന്തമാക്കിയത്. ഈ കണക്കുകളും ഇന്ത്യൻ ടീമിന്റെ നിലവിലെ മിന്നും ഫോമും സാധ്യതകൾ ഇന്ത്യക്ക് അനുകൂലമാകുമെന്ന പ്രതീഷയിലാണ് ഇന്ത്യൻ ആരാധകർ. എന്നാൽ ടി 20യിൽ മാച്ച് വിന്നർമാരാക്കാൻ കഴിയുന്ന താരങ്ങൾ വിൻഡീസ് നിരയിലുണ്ടെന്നതും വസ്തുതയാണ്.
സഞ്ജു ഓപ്പണറാകുമോ
ഈ മത്സരത്തിൽ ഏവരും ഉറ്റുനോക്കുന്നത് മലയാളി താരം സഞ്ജു സാംസണ് സ്വന്തം മൈതാനത്ത് ഓപ്പണറായി ഇറങ്ങുമോ എന്നതാണ്. ശിഖർ ധവാനെ പരിക്കിനെ തുടർന്ന് ഒഴിവാക്കിയ പശ്ചാത്തലത്തിൽ സഞ്ജു ഓപ്പണറാകാൻ സാധ്യതയുള്ളതായി സൂചനകൾ പുറത്തുവരുന്നുണ്ട്. സഞ്ജു പോരാട്ടത്തിനിറങ്ങിയാൽ ആരാധകരുടെ ആവേശം വാനോളമുയരുമെന്നുറപ്പ്.
ടോസ് നേടുന്നവർ
ബാറ്റിംഗിന് അനുകൂലമായ പിച്ചായതിനാൽ ടോസ് നേടുന്നവർ ബാറ്റിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത. മൂന്നു മത്സരങ്ങൾ ഉള്ള പരന്പരയിലെ നിർണായകമായ രണ്ടാം മത്സരമാണ് കാര്യവട്ടത്തേത്. ആദ്യമത്സരം ജയിക്കുന്ന ടീം ഇവിടെയും വിജയിച്ചാൽ പരന്പര സ്വന്തമാക്കാമെന്നതിനാൽ മത്സരത്തിന്റെ കടുപ്പമേറും.
1000 പോലീസ്
1000 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിക്കുക. സിറ്റി പോലിസ് കമ്മീഷണർ എം.ആർ. അജിത് കുമാറിന്റെ നേതൃത്വത്തിൽ ആറു എസ്പിമാരും 16 ഡിവൈഎസ്പിമാരും 25 സിഐമാരും 100 മഫ്തി ഉദ്യോഗസ്ഥരും 850 പോലീസ് ഉദ്യോസ്ഥരും ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെയും നഗരത്തിന്റെയും സുരക്ഷാ ഗതാഗത ക്രമീകരണങ്ങൾ നിയന്ത്രിക്കും. നഗരത്തിലെ ഗതാഗതക്കുരുക്കനുസരിച്ച് റോഡുകൾ വണ്‍വേ ആക്കുന്നതും വഴിതിരിച്ചു വിടുന്നതും പരിഗണിക്കും.
പ്രത്യേക ബസ്
മത്സരത്തോടനുബന്ധിച്ച് കെഎസ്ആർടിസി തന്പാനൂർനിന്നും ആറ്റിങ്ങലിൽ നിന്നും പ്രത്യേക സർവീസുകൾ നടത്തും. ഗതാഗതക്കുരുക്കൊഴിവാക്കാൻ കഴിവതും പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കണമെന്നും പോലീസ് അഭ്യർഥിച്ചിട്ടുണ്ട്.
മഴയെ പേടിക്കില്ല
മഴയെപേടിക്കില്ല! മഴപെയ്താൽ സ്വീകരിക്കേണ്ട എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ട്. 50 ഗ്രൗണ്ട് സ്റ്റാഫിനെയും ഗ്രൗണ്ട് പൂർണമായും മൂടാൻ ആവശ്യമായ കവറുകളും സജ്ജീകരിച്ചിട്ടുണ്ട്. മത്സരത്തിനായി രണ്ട് വിക്കറ്റുകളും നാല് പ്രാക്ടീസ് വിക്കറ്റുകളുമാണ് ഒരുക്കിയിരിക്കുന്നത്. മത്സരത്തിന്റെ 92 ശതമാനം ടിക്കറ്റുകളും വിറ്റുപോയെന്നും വരും ദിവസങ്ങളിൽ ടിക്കറ്റ് വിൽപ്പന പൂർണമാകുമെന്നും ടി20 ജനറൽ കണ്‍വീനർ സജൻ കെ. വർഗീസ് പറഞ്ഞു.
തോമസ് വർഗീസ്