ന്യൂഡൽഹി: ഐഐടി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്താമെന്ന് ഉറപ്പു നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും. പാർലെന്റിൽ ഇന്നലെ ഫാത്തിമയുടെ പിതാവ് ലത്തീഫും സഹോദരിയും എൻ.കെ. പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള കേരള എംപിമാരോടൊപ്പം മോദിയെയും അമിത്ഷായെയും കണ്ട് മകളുടെ മരണത്തിൽ ശരിയായ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടു നിവേദനം നൽകി. ആദ്യം അമിത് ഷായെ കണ്ടപ്പോൾ തന്നെ കേസ് സിബിഐയെ ഏൽപ്പിക്കാമെന്ന് ഉറപ്പു ലഭിച്ചു. വിഷയം താനും പ്രധാനമന്ത്രിയുമായും നേരത്തേതന്നെ സംസാരിച്ചിരുന്നു എന്ന് അമിത് ഷാ ഫാത്തിമയുടെ പിതാവിനോടും എംപിമാരോടും പറഞ്ഞു.
ഫാത്തിമയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ചുമതല ഒരു വനിതാ ഐജിയെ ഏൽപ്പിക്കാമെന്നാണ് ഉറപ്പുലഭിച്ചത്. അതോടൊപ്പം തന്നെ ഫാത്തിമയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ ഐഐടി ഉൾപ്പെ ടെയുള്ള രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടന്നിട്ടുള്ള ദുരൂഹ മരണങ്ങളെക്കുറിച്ചു പ്രത്യേക അന്വേഷണം നടത്തുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ഇവർ കൂടിക്കാഴ്ച നടത്തി. ഫാത്തിമയുടെ മരണവിവരം തന്നെ ഏറെ വേദനിപ്പിച്ചു എന്നു പറഞ്ഞ മോദി കഴിഞ്ഞ അഞ്ചു വർഷക്കാലത്തിനിടെ നിരവധി വിദ്യാർഥികളാണ് ദുരൂഹ സാഹചര്യങ്ങളിൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മരണപ്പെട്ടിട്ടുള്ളതെന്നും പറഞ്ഞു. ഫാത്തിമയുടെ മരണത്തിൽ സിബിഐ അന്വേഷിക്കുമെന്നു പ്രധാനമന്ത്രിയും ഉറപ്പു നൽകി.
ഫാത്തിമയുടെ പിതാവ് സ്വന്തം കൈപ്പടയിൽ എഴുതിയ നിവേദനത്തിന് പുറമേ രാഹുൽ ഗാന്ധി അടക്കം 37 എംപിമാർ ഒപ്പിട്ട നിവേദനവും പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നൽകി. എൻ.കെ. പ്രേമചന്ദ്രനു പുറമേ എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ, എ.എം ആരിഫ്, ടി.എൻ. പ്രതാപൻ, പി.കെ. കുഞ്ഞാലിക്കുട്ടി, അടൂർ പ്രകാശ്, ഇ.ടി. മുഹമ്മദ് ബഷീർ, രാജ്മോഹൻ ഉണ്ണിത്താൻ, രമ്യ ഹരിദാസ് തുടങ്ങിയവരും ഫാത്തിമയുടെ പിതാവിനും സഹോദരിക്കുമൊപ്പം പ്രധാനമന്ത്രിയുമായും അമിത്ഷായുമായും കൂടിക്കാഴ്ച നടത്തി. നിലവിൽ തമിഴ്നാട് സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ ഫാത്തിമയുടെ പിതാവ് തൃപ്തനാണ്.
എന്നാൽ ഇതോടൊപ്പം സിബിഐ അന്വേഷണവും നടക്കും. ഫാത്തിമയുടെ മരണം സംബന്ധിച്ച കേസ് സിബിഐ ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിന്റെ അനുമതിയുടെ ആവശ്യമില്ലെന്നും പ്രേമചന്ദ്രൻ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ നടപടിയിൽ തൃപ്തിയുണ്ടെന്ന് ഫാത്തിമയുടെ പിതാവ് ലത്തീഫ് പറഞ്ഞു. ഇത്തരം സംഭവങ്ങളിൽ തന്റെ മകളായിരിക്കട്ടെ ഒടുവിലത്തെ ഇര. ഒന്നാം റാങ്ക് വാങ്ങി ഐഐടിയിൽ എത്തിയ തന്റെ മകൾക്കാണ് ഈ ഗതി ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്.
ഫാത്തിമയുടെ മരണത്തിനു പിന്നാലെ തങ്ങൾക്കുനീതി ലഭിക്കാൻ രാഷ്ട്രീയഭേദമന്യേ എല്ലാവരിൽ നിന്നും സഹായം ലഭിച്ചിട്ടുണ്ടെന്നും ലത്തീഫ് പറഞ്ഞു.