ശബരിമല: ബാബറി മസ്ജിദ് തകർക്കപ്പെട്ടതിന്റെ മുന്‍കരുതലിന്റെ ഭാഗമായി ശബരിമല സന്നിധാനത്ത് ഇന്നലെ ഉച്ചമുതല്‍ ഇന്നു രാത്രി നടയടയ്ക്കുംവരെ സുരക്ഷാ ക്രമീകരണം കൂടുതൽ ശക്തമാക്കി. ദേവസ്വം ആചാരങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധമായിരിക്കും നിയന്ത്രണം. അതേസമയം, വിവിഐപി ദര്‍ശനം നിരുത്സാഹപ്പെടുത്തും. ആചാരങ്ങള്‍ക്കും സുരക്ഷയ്ക്കും ഭംഗമില്ലാത്ത രീതിയില്‍ തീര്‍ഥാടകര്‍ക്ക് ദര്‍ശനത്തിന് സൗകര്യം ഉണ്ടായിരിക്കും.
ഇന്ന് പതിനെട്ടാംപടി കയറി സോപാനത്ത് ഇടതുവശത്ത് നെയ്ത്തേങ്ങ ഉടയ്ക്കുന്നതിന് അനുവദിക്കില്ല. മാളികപ്പുറത്തേക്കു പോകുന്ന വഴിയില്‍ നെയ്ത്തോണിയില്‍ നെയ്ത്തേങ്ങ ഉടയ്ക്കാം.സന്നിധാനത്ത് ഹൈപോയിന്റ് ബൈനോക്കുലര്‍ മോണിറ്ററിംഗ് ഉണ്ടാകും. ആകാശ നിരീക്ഷണം നടത്തിയിട്ടുണ്ട്.
ഇന്നലെ രാത്രി നട അടച്ച ശേഷം സോപാനത്ത് കര്‍ശനമായി ബോംബ് സ്ക്വാഡ് പരിശോധന നടത്തി. കൂടുതല്‍ പോലീസിനെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടില്ല. സേവന സമയം കൂട്ടി നല്‍കും. സന്നിധാനത്ത് വെള്ളം സംഭരിച്ച എല്ലാ സ്ഥലങ്ങളിലും പോലീസിനെ വിന്യസിക്കും. എല്ലായിടത്തും ഫയര്‍ഫോഴ്സിന്റെയും ബോംബ് സ്ക്വാഡിന്റെയും പ്രത്യേക പരിശോധന ഉണ്ടായിരിക്കും.
സന്നിധാനത്ത് എല്ലാ വകുപ്പുകളുടെയും സേവനത്തിന് മതിയായ ജീവനക്കാര്‍ ഉണ്ടെന്ന് ഉറപ്പാക്കും. എല്ലാ ജീവനക്കാരും തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കണം. ട്രാക്ടറുകള്‍ പമ്പയില്‍ പരിശോധിക്കുന്നത് തുടരും. ഇതിന് പുറമെ ഇന്നലെ ഉച്ച മുതല്‍ മരക്കൂട്ടത്ത് ട്രാക്ടറുകള്‍ രണ്ടാമതും പരിശോധന നടത്തുന്നുണ്ട്.