ആലപ്പുഴ: സ്ത്രീകളിലെ കാൻസർ നേരത്തെ കണ്ടെത്തുന്നതിനും തുടർ ചികിത്സ ഉറപ്പുവരുത്തുന്നതിനുമായി ജില്ല പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച ’ജീവനം സഞ്ചരിക്കുന്ന കാൻസർ നിർണയ ക്യാന്പ്’ യൂണിറ്റുകളുടെ ഫ്ളാഗ് ഓഫ് ജില്ലാ പഞ്ചായത്ത് പ്രസിഡന്ററ് ജി. വേണുഗോപാൽ നിർവഹിച്ചു. രണ്ടുമൊബൈൽ യൂണിറ്റുകൾ ദിവസവും രണ്ട് സർക്കാർ ആശുപത്രികളിലെത്തി സ്ത്രീകൾക്ക് കാൻസർപരിശോധനയും ചികിത്സയും ഒരുക്കും.
ഓരോ മൊബൈൽ യൂണിറ്റിലും ഒരു ഗൈനക്കോളജിസ്റ്റും റേഡിയോ തെറാപ്പിസ്റ്റും പത്തോളജിസ്റ്റും സൈറ്റോ ടെക്നീഷ്യനും ഉണ്ടാകും. ജില്ല പഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതി ജില്ല മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിലാണ് നടപ്പാക്കുക. അതാതു ദിവസം മൊബൈൽ യൂണിറ്റ് ചെല്ലുുന്ന ആശുപത്രികളിലെ ഫീൽഡ് സ്റ്റാഫിന് ഇതുസംബന്ധിച്ച വിവരം നൽകും. തുടർന്ന് സ്ത്രീകൾക്ക് ഇവിടെ കാൻസർ പരിശോധന നടത്താം.
ബ്രസ്റ്റ് കാൻസർ, സെർവിക്കൽ കാൻസർ എന്നിവയുടെ പരിശോധനയ്ക്കുുള്ള സൗകര്യം മൊബൈൽ യൂണിറ്റിൽ ഉണ്ടാകും. കൂടുതൽ പരിശോധന ആവശ്യമായവർക്ക് ജനറൽ ആശുപത്രിയിൽ സൗകര്യമൊരുക്കും.ജില്ല പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 20 ലക്ഷം രൂപയാണ് പദ്ധതിക്കായി നീക്കിവച്ചിട്ടുള്ളത്.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഡ്വ. കെ.ടി. മാത്യു, വൈസ് പ്രസിഡന്റ് മണി വിശ്വനാഥ്, ജില്ല മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതകുമാരി, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.ആർ. ദേവദാസ്, മെഡിക്കൽ ഓഫീസർ ഡോ. പാർവതി പ്രസാദ്, മാസ് മീഡിയ ഓഫീസർ ടി.എസ്. സുജ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നാളെ അന്പലപ്പുഴ നോർത്ത് പിഎച്ച്സി, ഭരണിക്കവ് പിഎച്ച്സി, ഒന്പതിന് മാരാരിക്കുളം നോർത്ത് പിഎച്ച്സി, ആല പിഎച്ച്സി, 12ന് മുട്ടാർ പിഎച്ച്സി, ചെട്ടികുളങ്ങര പിഎച്ച്സി, 16ന് അരൂക്കുറ്റി സിഎച്ച്സി, ചെറിയനാട് പിഎച്ച്സി, 19ന് മണ്ണഞ്ചേരി പിഎച്ച്സി, ചെന്നിത്തല പിഎച്ച്സി, 21ന് ചന്പക്കുളം സിഎച്ച്സി, ചിങ്ങോലി പിഎച്ച്സി, 28ന് ചേർത്തല സൗത്ത് പിഎച്ച്സി, ആറാട്ടുപുഴ പിഎച്ച്സി, 30ന് എഴുപുന്ന പിഎച്ച്സി, ബുധനൂർ പിഎച്ച്സി എന്നിവിടങ്ങളിൽ മൊബൈൽ യൂണിറ്റ് പര്യടനം നടത്തും.