കൊച്ചി: എ ഗ്രൂപ്പിൽ നിന്നകന്ന് ഐ ഗ്രൂപ്പിൽ ചേക്കേറാനുള്ള നീക്കത്തിന്റെ മുന്നോടിയായി മേയർ ക്യാന്പിലെ വിശ്വസ്തൻ എ.ബി. സാബു കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം രാജിവയ്ക്കും. ഇന്ന് തന്നെ രാജിക്കത്ത് നൽകും.
മേയർ ക്യാന്പിലെ മറ്റൊരു സമിതി അധ്യക്ഷ ഗ്രേസി ജോസഫും അടുത്ത ദിവസങ്ങളിൽ രാജിവച്ചേക്കുമെന്നാണ് സൂചന. മേയർ സ്ഥാനം നഷ്ടപ്പെടാതെ സംരക്ഷിക്കുന്നതിൽ ശക്തമായ പിന്തുണയുമായി ഒപ്പം നിന്ന ഇരുവരുടെയും രാജിയോടെ മേയർ സൗമിനി ജെയിന്റെ നിലയും പരുങ്ങലിലായിരിക്കുകയാണ്.
മുൻ ധാരണ പ്രകാരം കൊച്ചിൻ കോർപറേഷനിലെ അധികാരമാറ്റവുമായി ബന്ധപ്പെട്ട് പ്രകോപനപരമായ നടപടികളിൽനിന്ന് ഡിസിസി പിൻവാങ്ങിയതിനിടെയാണ് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എ.ബി. സാബുവിന്റെ രാജി.
കഴിഞ്ഞ ദിവസം ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ് എംഎൽഎ സാബുവിനെ വിളിച്ചുവരുത്തി രാജിവയ്ക്കണമെന്ന് നിർദേശിച്ചിരുന്നു. തുടർന്ന് ഐ ഗ്രൂപ്പ് നേതാക്കളായ രമേശ് ചെന്നിത്തലയും വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് സാബു രാജി സമർപ്പിക്കാൻ തീരുമാനിച്ചത്.
വയലാർ രവി പക്ഷക്കാരനായിരുന്ന എ.ബി. സാബു ആ ഗ്രൂപ്പ് ഇല്ലാതായതോടെയാണ് എ ഗ്രൂപ്പിൽ എത്തിയത്. അക്കാലത്ത് കെപിസിസി അംഗവും ഡിസിസി സെക്രട്ടറിയുമൊക്കെയായിരുന്നു സാബു. എ ഗ്രൂപ്പിനൊപ്പം ചേർന്ന അവസരത്തിൽ തന്നെ കോർപറേഷനിൽ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം നൽകാൻ നേതൃത്വം തയാറായി.
രണ്ടര വർഷത്തിന് ശേഷം സമിതി അധ്യക്ഷ സ്ഥാനം എം.ബി. മുരളീധരന് നൽകണമെന്ന വ്യവസ്ഥയിലാണ് അന്ന് അദേഹത്തെ ചെയർമാനാക്കിയത്. എന്നാൽ മേയർ മാറ്റവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ രൂക്ഷമായതോടെ എ ഗ്രൂപ്പിനോടും ഡിസിസിയോടും ഇടഞ്ഞ് രാജി സന്നദ്ധതനാകാതെ നിൽക്കുകയായിരുന്നു സാബു.
സാബുവിന്റെ ഇപ്പോഴത്തെ രാജി തീരുമാനത്തോടെ മേയർ സൗമിനി ജെയിനും വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ഗ്രേസി ജോസഫിനും മേൽ രാജിക്കുള്ള സമ്മർദം വർധിച്ചു. രാജി വയ്ക്കുമെങ്കിലും എന്ന് എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നാണ് ഗ്രേസി ജോസഫ് പറയുന്നത്.
സാന്പത്തിക വർഷത്തിന്റെ അവസാനഘട്ടമായതിനാൽ പ്ലാൻ ഫണ്ട് ഉൾപ്പടെയുള്ള കാര്യങ്ങളിൽ ചെയർപേഴ്സണ് എന്ന നിലയിൽ കുറെ കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്. സമിതി അംഗങ്ങളുമായി കൂടി ആലോചിച്ച ശേഷമേ രാജി കാര്യത്തിൽ തീരുമാനമെടുക്കു. കൗണ്സിലർ സ്ഥാനംകൂടി രാജിവയ്ക്കുമോ എന്ന ആലോചിച്ച് തീരുമാനിക്കുമെന്നും ഗ്രേസി പറഞ്ഞു.
അതേസമയം മേയർ സൗമിനി ജെയിൻ രാജിവയ്ക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടായിട്ടില്ല. ഡിസംബർ 30 വരെയാണ് കെപിസിസി മേയർക്ക് സമയം അനുവദിച്ചിട്ടുള്ളത്. മേയർക്ക് ഉറച്ച പിന്തുണയുമായി നിന്ന സാബുവും ഗ്രേസിയും രാജിവയ്ക്കുന്ന സാഹചര്യത്തിൽ മേയർക്ക് പിടിച്ചു നിൽക്കാനാകില്ല.
മുൻ ധാരണ പ്രകാരം കോർപറേഷൻ ഭരണ സമിതിയിൽ അധികാരമാറ്റം സാധ്യമാക്കുന്നതിനായി നവംബർ 23ന് മുൻപ് കോണ്ഗ്രസ് ഭരിക്കുന്ന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാ രാജിവയ്ക്കണമെന്നു ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ് നിർദേശം നൽകിയിരുന്നു.
ഇതേ തുടർന്നു നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷ ഷൈനി മാത്യു 22നു രാജി നൽകി. രാജി വയ്ക്കില്ലെന്നു നിലപാടെടുത്ത മറ്റ് മൂന്നു സമതി അധ്യക്ഷരിൽ നികുതി കാര്യ സമിതി അധ്യക്ഷൻ കെ.വി.പി. കൃഷ്ണകുമാർ, രമേശ് ചെന്നിത്തലയുടെ കർശന നിർദേശത്തെ തുടർന്നു പിന്നീട് രാജിവച്ചു.
എന്നാൽ എ.ബി. സാബുവും കെ.വി. തോമസ് പക്ഷക്കാരിയായ ഗ്രേസി ജോസഫും രാജിവയ്ക്കാൻ ഒരുക്കമല്ലെന്ന ഉറച്ച നിലപാടാണ് അന്നു സ്വീകരിച്ചത്. രാജിവയ്ക്കേണ്ട സന്ദർഭമുണ്ടായാൽ കൗണ്സിലർ സ്ഥാനവും രാജിവയ്ക്കുമെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. ഇതേ നിലപാടാണ് മേയർ സൗമിനി ജെയിനും സ്വീകരിച്ചത്.
ഭരണംപോലും നഷ്ടമായേക്കാവുന്ന നിലയിലേക്ക് മേയർ അനുകൂല വിഭാഗം നിലപാട് കടുപ്പിച്ചപ്പോൾ രാജി കാര്യത്തിൽ പ്രകോപനപരമായ നീക്കം വേണ്ടെന്ന തീരുമാനത്തിലേക്ക് ഡിസിസി എത്തുകയായിരുന്നു. കൂടുതൽ പ്രകോപനം ഉണ്ടാക്കിയാൽ രണ്ടു സമിതികളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പരാജയം സംഭവിച്ചേക്കാമെന്ന സാഹചര്യം കണക്കിലെടുത്താണ് മേയർ അനുകൂല വിഭാഗത്തെ പിണക്കാതെ മുന്നോട്ട് പോകാനുള്ള തീരുമാനത്തിലേക്ക് ജില്ലാ നേതൃത്വം എത്തിയത്.
തെരഞ്ഞെടുപ്പിന് ശേഷമേ മേയർ സൗമിനി ജെയിന്റെയും ഇടഞ്ഞു നിൽക്കുന്ന രണ്ട് സ്ഥിരം സമിതി അധ്യക്ഷരുടെയും രാജി കാര്യത്തിൽ നിർബന്ധിത നടപടികൾ കൈക്കൊള്ളുകയുള്ളെന്നും ഡിസിസി വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് രാജിവയ്ക്കാനുള്ള തീരുമാനം എ.ബി. സാബു നേതൃത്വത്തെ അറിയിച്ചത്.