കായംകുളം: ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ പോലീസ് കാവൽ മറികടന്ന് യാക്കോബായ വിഭാഗം മൃതശരീരം സംസ്കരിച്ചു. സംസ്കാരത്തെ ചൊല്ലി ഓർത്തഡോക്സ് വിഭാഗത്തിന്റെ പ്രതിഷേധത്തെതുടർന്ന് കഴിഞ്ഞ 38 ദിവസമായി പ്രത്യേക പേടകത്തിൽ സൂക്ഷിച്ചിരുന്ന കട്ടച്ചിറ മഞ്ഞാടിത്തറ കിഴക്കേവീട്ടിൽ പരേതനായ രാജന്റെ ഭാര്യ മറിയാമ്മ രാജന്റെ (92) മൃതശരീരമാണ് ഇന്ന് പുലർച്ചെ അഞ്ചോടെ നൂറുകണക്കിന് യാക്കോബായ വിശ്വാസികളും വൈദികരും ബന്ധുക്കളും ചേർന്ന് സംസ്കരിച്ചത്.
പള്ളിക്ക് പോലീസ് കാവൽ ഏർപെടുത്തിയിട്ടുണ്ടായിരുന്നെങ്കിലും ഇതിനെ മറികടന്നായിരുന്നു സംസ്ക്കാരം. പ്രദേശത്ത് നിരോധനാജ്ഞയും ഏർപെടുത്തിയിരുന്നു. സംഭവത്തെ തുടർന്ന് ഓർത്തഡോക്സ് വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി. പള്ളിയിൽ മുന്പ് യാക്കോബായ സ്ഥാപിച്ചിരുന്ന ബോർഡ് ഓർത്തഡോക്സ് വിഭാഗം എടുത്ത് മാറ്റി പുതിയ ബോർഡ് സ്ഥാപിച്ചു. പള്ളിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള കേസിൽ ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി കോടതി വിധി വന്നിരുന്നു.
ഇതേ തുടർന്നാണ് തർക്കവും സംഘർഷവും രൂക്ഷമായത്. തുടർന്ന് പള്ളിക്ക് പോലീസ് കാവൽ ഏർപെടുത്തുകയും പ്രദേശത്ത് ജില്ലാ ഭരണകൂടം നിരോധനാജ്ഞ ഏർപെടുത്തുകയും ചെയ്തത്. യാക്കോബായ വിശ്വാസികളുടെ മൃതശരീരം സെമിത്തേരിയിൽ സംസ്കരിക്കാൻ കൊണ്ടുവരുന്പോൾ യാക്കോബായ വിഭാഗം വൈദികർ പള്ളിയിൽ കയറാൻ പാടില്ലെന്നാണ് ഓർത്തഡോക്സ് വിഭാഗത്തിന്റെ ആവശ്യം. ഇതേ തുടർന്ന് യാക്കോബായ വിഭാഗത്തിൽപ്പെട്ടവരുടെ മൃതശരീരം സംസ്കരിക്കുന്നത് സംഘർഷങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കുകയാണ്.
ഒരുമാസം മുന്പ് മരണപ്പെട്ട യാക്കോബായ ഇടവക അംഗമായ മറിയാമ്മ രാജന്റെ മൃതശരീരം ഒരു മാസം മുന്പ് പള്ളിയിൽ സംസ്കരിക്കാൻ കൊണ്ടുവന്നപ്പോൾ യാക്കോബായ വിഭാഗം വിശ്വാസികളെയും വൈദികരെയും പോലീസ് റവന്യൂ അധികാരികൾ പള്ളിയുടെ നൂറു മീറ്റർ അകലെവെച്ച് തടഞ്ഞു. ഇതോടെ യാക്കോബായ വിഭാഗം പ്രതിഷേധം ശക്തമാക്കുകയും മൃതശരീരവുമായി മൂന്നു മണിക്കൂറിലേറെ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
ഒടുവിൽ തീരുമാനമാകാതെ വന്നപ്പോൾ സംസ്കാരം നടത്താതെ മറിയാമ്മ രാജന്റെ മൃത ശരീരം ബന്ധുക്കൾ വീട്ടിലേക്ക് തിരികെ കൊണ്ടുപോയി കഴിഞ്ഞ 38 ദിവസമായി വീട്ടിൽ പ്രത്യേക പേടകത്തിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ജില്ലാ ഭരണകൂടം പ്രശ്ന പരിഹാരം കാണാത്തതിനെ തുടർന്ന് യാക്കോബായ വിഭാഗം മുംബൈ ഭദ്രാസനാധിപൻ തോമസ് മോർ അലക്സാന്തിയോസ് മെത്രാപ്പോലിത്തായുടെ നേതൃത്വത്തിൽ മെത്രാപ്പോലീത്തമാരും വൈദികരും വിശ്വാസികളും സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്ചിത കാല സഹന സമരവും നടത്തിവരികയാണ്. ഇതിനിടെയാണ് ഇന്ന് പുലർച്ചെ സംസ്ക്കാരം നടന്നത്.