ജോമി കുര്യാക്കോസ്
കോട്ടയം: “കൊലക്കയർ വലിക്കാൻ എന്റെ കൈകൾ വിറയ്ക്കില്ല. രാജ്യം തലകുനിച്ച നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാൻ എനിക്കു ഭയമില്ല. തിഹാർ ജയിൽ സൂപ്രണ്ട് അനുവദിച്ചാൽ ഞാൻ ആരാച്ചാരാകും’. പാലാ കുടക്കച്ചിറ സ്വദേശിയും ഡൽഹിയിൽ താമസക്കാരനുമായ നവീൽ ടോം ജയിംസ് കണ്ണാട്ട് നിർഭയ പ്രതികളുടെ ആരാച്ചാരാകാൻ രംഗത്തു വന്നിരിക്കുന്നു.
“എന്നെ പിന്തിരിപ്പിക്കാൻ ആരും നോക്കണ്ട. കോട്ടയത്തെ അഗതിമന്ദിരങ്ങളിൽ വർഷങ്ങൾ ആതുരസേവനം ചെയ്തയാളാണ് ഞാൻ. കൊടുംക്രൂരത നടത്തിയ കുറ്റവാളികൾക്കു തൂക്കുകയർ ഒരുക്കാൻ ഏതറ്റം വരെയും പോകും.’’ നിർഭയ പ്രതികളെ തൂക്കിലേറ്റാൻ ആരാച്ചാർമാർ ഇല്ലെന്ന വാർത്തയ്ക്കു പിന്നാലെയാണു കൂട്ടുകാർക്കിടയിൽ “നീതിമാൻ’ എന്നറിയപ്പെടുന്ന നവീൽ ടോം ജയിംസ് ഡൽഹി സെൻട്രൽ ജയിലിന്റെ സൂപ്രണ്ടും പ്രിസണ്സ് അഡീഷണൽ ഇൻസ്പെക്ടർ ജനറലുമായ മുകേഷ് പ്രസാദിന് ഇ മെയിൽ അയച്ചിരിക്കുന്നത്.
പ്രതികളെ തൂക്കിക്കൊല്ലുന്നതിൽ പ്രതിഫലം ലഭിച്ചാൽ വയനാട്ടിലെ ആദിവാസി മേഖലയിൽ ആംബുലൻസ് വാങ്ങാൻ ഈ പണം ഉപയോഗിക്കുമെന്നും നവിൽ പറഞ്ഞു. കോട്ടയം, പാന്പാടി എന്നിവിടങ്ങളിലെ ആതുരാലയങ്ങളിൽ സേവനം ചെയ്തിരുന്ന നവീൽ ഇപ്പോൾ കുടുംബ സമേതം ഡൽഹിയിലാണു താമസം.
സ്കാനിയ ബസും കണ്ടെയ്നർ ലോറികളും ഓടിച്ചിരുന്ന നവിൽ നിർഭയ സംഭവം നടന്ന ഡൽഹി വസന്ത് വിഹാർ മഹിപാൽപൂരിലായിരുന്നു താമസം. രണ്ടു പെണ്മക്കളുടെ പിതാവായ തന്നെ നിർഭയ സംഭവം ഭീതിപ്പെടുത്തുന്നതായും ഇനി ആവർത്തിക്കാതിരിക്കാൻ പ്രതികൾക്കു പരമാവധി ശിക്ഷ നൽകേണ്ടത് ആവശ്യമാണെന്നും നവീൽ ദീപികയോടു പറഞ്ഞു. നിർഭയക്കേസിൽ പ്രതികൾക്കു വധശിക്ഷ ഉറപ്പായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തിഹാർ ജയിൽ അധികൃതർ ആരാച്ചാരെ തേടിയത്.
ആരാച്ചാരുടെ തസ്തിക സ്ഥിരം നിയമനത്തിനുള്ളതല്ല. ആവശ്യമുള്ളപ്പോൾ മാത്രം യോഗ്യരായവരെ റിക്രൂട്ട് ചെയ്യുകയാണു ചെയ്യുന്നത്. മാനസികമായും ശാരീരികമായും പൂർണ ആരോഗ്യമുണ്ടാകുക മാത്രമാണ് ആരാച്ചാർ തസ്തികയുടെ യോഗ്യത. ആരാച്ചാരില്ലെങ്കിൽ ജയിൽ ജീവനക്കാർതന്നെ ശിക്ഷ നടപ്പാക്കുകയാണു രീതി.
ആരാച്ചാർമാരില്ലെന്ന വാർത്തയ്ക്കു പിന്നാലെ ഷിംല സ്വദേശിയായ രവികുമാർ, തന്നെ ആരാച്ചാരാക്കണമെന്നാവശ്യപ്പെട്ടു രാഷ്ട്രപതിക്കു കത്തയച്ചിരുന്നു. 2012 ഡിസംബർ 16നാണ് തലസ്ഥാന നഗരിയിൽ രാജ്യത്തെ നടുക്കിയ നിർഭയ കൂട്ടമാനഭംഗം നടന്നത്.
ഡൽഹി വസന്ത് വിഹാറിൽ സിനിമ കണ്ടു താമസസ്ഥലത്തേക്കു മടങ്ങിയ ഫിസിയോതെറാപ്പി വിദ്യാർഥിനിയെ ബസിൽ ക്രൂരമായി മാനഭംഗപ്പെടുത്തി പുറത്തേക്കെറിഞ്ഞു. ആദ്യം സഫ്ദർജംഗ് ആശുപത്രിയിലും തുടർന്നു സിംഗപ്പൂർ മൗണ്ട് എലിസബത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും 29ന് മരണത്തിനു കീഴടങ്ങി.
ബസ് ഡ്രൈവർ രാം സിംഗ്, സഹോദരൻ മുകേഷ് സിംഗ് (30), വിനയ് ശർമ (24), പവൻ ഗുപ്ത (കാലു-23), അക്ഷയ് ഠാക്കൂർ (32), 18 വയസ് തികയാത്ത യുവാവ് എന്നിവരായിരുന്നു പ്രതികൾ. അതിവേഗ കോടതി വിചാരണ നടപടികൾ 2013 ജനുവരി 17നു തുടങ്ങി.
രാം സിംഗ് 2013 മാർച്ച് 11ന് തിഹാർ ജയിലിൽ ജീവനൊടുക്കി. പ്രായപൂർത്തിയാകാത്ത പ്രതി 2015ൽ മോചിതനായി. മറ്റു നാലു പേർക്കെതിരായാണു വധശിക്ഷ നിലനിൽക്കുന്നത്. മേൽക്കോടതികൾ വധശിക്ഷ ശരിവച്ച വിധിക്കെതിരെ മൂന്നു പ്രതികൾ നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീംകോടതി 2018 ജൂലൈ ഒന്പതിനു തള്ളിയിരുന്നു. ഒരു പ്രതി രാഷ്ട്രപതിക്കു ദയാഹർജി നൽകിയിട്ടുണ്ട്.