സ്വന്തം ലേഖകൻ
തൃശൂർ: ഓണിയൻ ഉൗത്തപ്പവും ഉള്ളിച്ചമന്തിയും കഴിക്കാൻ കൊതി തോന്നി ഹോട്ടലുകളിലെത്തിയാൽ കൊതിച്ചിരിക്കുകയേ നിവൃത്തിയുള്ളു. ഹോട്ടലുകളിലെ മെനു കാർഡിൽ നിന്ന് ഉള്ളി ഉൗത്തപ്പം, ഉള്ളിച്ചമന്തി, ഗ്രീൻ സലാഡ്, സലാഡ്, ഉള്ളി സാന്പാർ എന്നിവയെല്ലാം ഒൗട്ടായിരിക്കുന്നു. ഉള്ളിയും സവാളയും മത്സരിച്ച് വിലക്കുതിപ്പ് നടത്തുന്പോൾ ഹോട്ടലുകാർ ഇവ ചേർത്തുള്ള വിഭവങ്ങളെല്ലാം നൈസായി ഒഴിവാക്കിയിരിക്കുന്നു.
കൂടിയ വില നൽകി ഉള്ളിയും സവാളയും വാങ്ങി വിഭവങ്ങളുണ്ടാക്കി പഴയ വിലയ്ക്ക് വിൽക്കുകയെന്നത് സാധ്യമല്ലാത്തതിനാലാണ് ഇവ ചേർക്കേണ്ട വിഭവങ്ങൾ ഒഴിവാക്കുന്നതെന്ന് ഹോട്ടലുകാർ പറയുന്നു. ഉത്തരേന്ത്യൻ ഭക്ഷ്യവിഭവങ്ങളിലെല്ലാം കൊഴുപ്പിനും മറ്റുമായി ഉള്ളി അനിവാര്യമാണെന്നിരിക്കെ പല ഉത്തരേന്ത്യൻ ഭക്ഷ്യവിഭവങ്ങളും ഉണ്ടാക്കുന്നത് ഹോട്ടലുകാർ നിർത്തിവെച്ചിരിക്കുകയാണ്.
ഹോട്ടലുകാർക്ക് ആവശ്യത്തിന് ഉള്ളിയും സവാളയും കിട്ടാനില്ലാത്ത സ്ഥിതിയുമുണ്ട്. കാറ്ററിംഗ് സർവീസുകാരും ഉള്ളിയെയും സവാളയേയും അടുക്കളയിൽ നിന്നും അപ്പുറത്തേക്ക് മാറ്റി നിർത്തിയിരിക്കുകയാണ്. ഉരുളക്കിഴങ്ങും സവാളയും ചേർത്ത് തയ്യാറാക്കുന്ന സ്റ്റ്യൂവിന് പകരം കാറ്ററിംഗുകാർ ഇപ്പോൾ ഓലനാണ് തയ്യാറാക്കി വിളന്പുന്നത്.
ഉള്ളിസാന്പാറും മറ്റു ഉള്ളി വിഭവങ്ങളും കാറ്ററിംഗുകാരുടെ മെനുവിൽ നിന്നും പുറത്താണിപ്പോൾ. ഉള്ളി സാന്പാറും സ്റ്റ്യൂവുമൊക്കെ വേണമെന്ന് നിർബന്ധം പിടിക്കുന്നവർക്കായി അത് തയ്യാറാക്കി കൊടുക്കുമെന്നും അതിന് കൂടുതൽ തുക ഈടാക്കേണ്ടി വരുന്നുണ്ടെന്നും കാറ്ററിംഗുകാർ പറയുന്നു.