ന്യൂഡൽഹി: ഐഐടി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പിതാവ് ലത്തീഫ്. തനിക്ക് രണ്ട് പെണ്മക്കൾ കൂടിയുണ്ടെന്നും കരയാൻ ഇനി കണ്ണുനീർ ബാക്കിയില്ലെന്നും വികാരാധീനനായി പറഞ്ഞു കൊണ്ടാണ് ലത്തീഫ് ഫാത്തിമയുടെ മരണത്തിനു പിന്നിലുള്ള ദുരൂഹതകൾ വിവരിച്ചത്.
മരണം നടന്ന മുറിയിൽ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത് മുട്ടുകാലിൽ നിൽക്കുന്ന നിലയിലായിരുന്നു. മുറിയിലെ സാധനങ്ങളപ്പാടെ വലിച്ചുവാരിയിട്ടിരിക്കുകയായിരുന്നു. ഫാത്തിമയുടെ മരണത്തിനു പിന്നാലെ തന്നെ ചെന്നൈ ഐഐടിയിൽ എത്തി കുടുംബാംഗങ്ങൾ അന്വേഷിച്ചറിച്ചതാണ് ഈ വിവരങ്ങളെന്നും പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കണ്ടശേഷം ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ ലത്തീഫ് പറഞ്ഞു.
ഫാത്തിമ ആത്മഹത്യ ചെയ്തു എന്നാണ് അറിയിച്ചിരുന്നതെങ്കിലും മുറിയിലെ ഫാനിൽ കയറോ ബെഡ്ഷീറ്റോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പുസ്തകങ്ങളും സാധനങ്ങളും വാരിവലിച്ചിട്ട നിലയിലായിരുന്നു. വീട്ടിൽ ആയാലും ഹോസ്റ്റൽ മുറിയിലായും ഫാത്തിമ വളരെ അടുക്കും ചിട്ടയുമുള്ള കുട്ടിയായിരുന്നെന്നും ഒന്നും വാരിവലിച്ചിടുന്ന സ്വഭാവം ഉണ്ടായിരുന്നില്ല.
ഫാത്തിമയുടെ മരണം സംഭവിച്ച ദിവസം ഹോസ്റ്റലിൽ ഒരു പിറന്നാൾ ആഘോഷം നടന്നിരുന്നു. ഈ ആഘോഷം പുലർച്ചെ വരെ നീണ്ടു എന്നാണ് അറിയാൻ കഴിഞ്ഞത്. തൊട്ടടുത്ത മുറിയിലെ കുട്ടി അന്നേ ദിവസം ഹോസ്റ്റലിൽ ഉണ്ടായിരുന്നില്ല. പുലർച്ചെ നാലിനും അഞ്ചിനും ഇടയിൽ മരണം നടന്നു എന്നാണ് ഡോക്ടർ പറഞ്ഞത്. ഫാത്തിമയുടെ മരണശേഷം മുറിയിൽ ഒപ്പമുണ്ടായിരുന്ന കുട്ടിയുടെ സാധനങ്ങളൊന്നും തന്നെ കാണാനില്ലായിരുന്നു എന്നതും ദുരൂഹത വർധിപ്പിക്കുന്നു.
ഫാത്തിമയുടെ പഠന സാമർഥ്യത്തിൽ ഒപ്പം പഠിച്ചിരുന്ന സഹപാഠികളിൽ പലർക്കും അസ്വസ്ഥതയുണ്ടായിരുന്നു. അതിന്റെ പേരിൽ ഫാത്തിമ മാനിസ പീഡനങ്ങളും നേരിട്ടിരുന്നു. താൻ നേരിടേണ്ടി വന്നതൊക്കെ മകൾതന്നെ കൃത്യമായി പേരുവിവരങ്ങൾ സഹിതം എഴുതി വച്ചിരുന്നു. അതിൽ അധ്യാപകനായ സുദർശൻ പദ്മനാഭന്റെയും മലയാളികളായ ചില വിദ്യാർഥികളുടെയും പേരുകളുണ്ട്.
മരണം അറിഞ്ഞെത്തിയ കൊല്ലം മേയറോടും കുടുംബാംഗങ്ങളോടും കോട്ടൂർപുരം പോലീസ് വളരെ മോശമായിട്ടാണു പെരുമാറിയത്. അന്വേഷണത്തിലും പോലീസ് തുടക്കം മുതൽ അനാസ്ഥ കാട്ടിയിരുന്നു. മരിക്കുന്നതിന്റെ തലേദിവസം ഫാത്തിമ മെസ് ഹാളിൽ ഇരുന്നു കരഞ്ഞിരുന്നു എന്നൊരാൾ പറഞ്ഞിട്ടുണ്ട്.
എന്നാൽ, പിന്നീട് ആ മൊഴി തിരുത്തിയതായാണു കണ്ടത്. ഫാത്തിമയുടെ മരണവിവരം ഐഐടിയിൽനിന്ന് ആരും തങ്ങളെ വിളിച്ച് അറിയിച്ചിരുന്നില്ല. ഐഐടിയിലെ അന്തരീക്ഷം ആകെ ദുരൂഹത നിറഞ്ഞതാണ് -ലത്തീഫ് കൂട്ടിച്ചേർത്തു.