കൊച്ചി: ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഒത്തുതീർപ്പ് ചർച്ചകളിൽ നിന്ന് പിൻവലിയാനൊരുങ്ങി താരസംഘടനയായ അമ്മ. പ്രശ്നപരിഹാരത്തിനായി ഇടപെടൽ നടത്തുന്നതിന് മുൻപായി ഷെയ്ന്റെ ഭാഗം കേൾക്കാൻ ഇന്നലെ അമ്മ ഭാരവാഹികൾക്ക് മുന്നിലെത്തണമെന്ന നിർദേശം ഇതുവരെ ഷെയ്ൻ പാലിക്കാൻ കൂട്ടാക്കാത്തതിനാലാണ് അമ്മയുടെ പിന്നോട്ട് പോക്ക്. ഷെയ്ന്റെ ഭാഗത്ത് വിട്ടുവീഴ്ച്ചയ്ക്ക് ശ്രമമുണ്ടായാൽ മാത്രമേ ചർച്ചകൾക്ക് പ്രസക്തിയുള്ളെന്നും അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.
വിട്ടുവീഴ്ച്ചയ്ക്ക് കൂട്ടാക്കാത്ത നിലപാടിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഇടഞ്ഞു നിൽക്കുന്ന ഇവരെ ഏതെങ്കിലും വിധത്തിൽ സമവായത്തിലെത്തിക്കണമെങ്കിൽ ഷെയ്ന്റെ ഭാഗത്തും ചെറിയ വിട്ടുവീഴ്ച്ചകൾ വേണം. ഒരു തരത്തിലും അടുക്കില്ലെന്ന നിലപാടിൽ ഷെയ്ൻ ഇപ്പഴും നിൽക്കുകയാണെങ്കിൽ പ്രശ്നപരിഹാരം ഉണ്ടാകില്ല.
ഇനിയിപ്പോൾ ഷെയ്ൻ തങ്ങളെ സമീപിച്ചാൽ തന്നെ ഭാരവാഹികളുടെ സൗകര്യംകൂടി കണക്കിലെടുത്തേ കൂടിക്കാഴ്ച്ചയ്ക്ക് സമയം നൽകുകയുള്ളെന്നും ഇടവേള ബാബു പറഞ്ഞു. ഷെയ്ൻ നേരിട്ടെത്തി സംസാരിക്കുമെന്ന് ഷെയ്നിന്റെ അമ്മ പറഞ്ഞതനുസരിച്ച് മൂന്ന് ദിവസമായി എറണാകുളത്ത് തങ്ങുകയായിരുന്നു. അജ്മീറിലാണെന്നും ഉടൻ മടങ്ങിയെത്തുമെന്നുമൊക്കെയാണ് കഴിഞ്ഞ ദിവസം ഷെയ്നിന്റെ അമ്മ അറിയിച്ചത്. ഒരു ഉറപ്പുമില്ല.
ഒരു തവണ എല്ലാവരും ചേർന്ന് ഒത്തുതീർപ്പാക്കിയ ശേഷമുണ്ടായ പ്രശ്നങ്ങളാണ് ഇപ്പോഴത്തേത്. ഇക്കാര്യത്തിൽ ഷെയ്ൻ നേരിട്ടൊരു ഉറപ്പു നൽകാതെ ഇനിയും എന്തടിസ്ഥാനത്തിൽ ചർച്ച നടത്തും. ഷെയ്നിന്റെ നിലപാടറിയാൻ കാത്തിരിക്കുകയാണെന്നും ഇടവേള ബാബു പറഞ്ഞു.
അമ്മയും സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയും പ്രശ്നം ചർച്ചയിലൂടെ ഒത്തുതീർക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനു കത്തു നൽകിയിരുന്നു. ഒത്തുതീർപ്പുണ്ടാക്കിയ ശേഷം അതു ലംഘിച്ച് വെല്ലുവിളി നടത്തിയ ഷെയ്നിനെ വിശ്വസിച്ച് ഇനിയൊരു ചർച്ചയ്ക്കില്ലെന്ന നിലപാടാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഇക്കാര്യത്തിൽ അമ്മ നേതൃത്വവുമായും ചർച്ച നടത്താൻ അവർ തയാറാണ്. ഷെയ്നുമായി ബന്ധപ്പെട്ട പലരും അമ്മ പ്രതിനിധികളുമായി ഒത്തുതീർപ്പിനു ബന്ധപ്പെടുന്നുണ്ട്.