സ്വന്തം ലേഖകൻ
തൃശൂർ: വാർത്താചാനലുകൾ തമ്മിലുള്ള കടുത്ത മത്സരം വളച്ചൊടിച്ചും മായം കലർത്തിയുമുള്ള വാർത്തകളും തെറ്റായ വാർത്തകളും ജനങ്ങളിലേക്ക് എത്തിക്കുന്ന ദുരവസ്ഥയിലേക്കെത്തിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിയമസഭയിൽ അബദ്ധവശാൽ ഒരു വാക്കു തെറ്റായി ഉച്ചരിച്ചുപോയത് ട്രോളാക്കി അധിക്ഷേപിക്കുന്ന സംസ്കാരത്തിലേക്കു മാധ്യമരംഗം മാറിയെന്ന് കോണ്ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. അതെല്ലാം തമാശയാണെന്ന് മാധ്യമപ്രവർത്തകർ പറയും, എന്നാൽ അതു ഞങ്ങളുടെ ജീവിതത്തിന്മേലാണ് ആ തമാശകളിയെന്ന് ഓർക്കണം. തിരുവഞ്ചൂർ പറഞ്ഞു.
തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ബഹളമെല്ലാം കഴിഞ്ഞ് രണ്ടു ദിവസം വിശ്രമിക്കാൻ കുടുംബസമേതം കന്യാകുമാരിയിലേക്കു പോയ തന്നെ ചാനൽ കാമറകളുമായി പിറകേ നടന്നു വേട്ടയാടിയതിന്റെ വിശേഷമാണ് ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന സി.കെ. പത്മനാഭൻ അവതരിപ്പിച്ചത്. കേരള പത്രപ്രവർത്തക യൂണിയൻ 55-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ജവഹർ ബാലഭവനിൽ നടന്ന “ദുരനുഭവങ്ങൾ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ
കൊച്ചിയിൽ സിപിഐയുടെ എൽദോ ഏബ്രഹാം എംഎൽഎക്ക് പോലീസ് മർദ്ദനമേറ്റ സംഭവവും ശബരിമല വിഷയവും ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു കാനം രാജേന്ദ്രന്റെ ദുരനുഭവ വിവരണം. എൽദോ എംഎൽഎയ്ക്ക് പോലീസിന്റെ ലാത്തിയടിയേറ്റെന്ന സംഭവം നടന്നതിനു പിറകേ ചാനൽ ലേഖകർ ചോദ്യങ്ങളുമായി എത്തി. അന്വേഷിച്ചശേഷം പ്രതികരിക്കാമെന്നു മറുപടി നൽകി.
ഓരോ ദിവസവും താൻ നൽകിയ പ്രതികരണത്തിന്റെ ശരിയായ അന്തസത്ത ചോർത്തിക്കളഞ്ഞും വാക്കുകളെ എഡിറ്റു ചെയ്തുനീക്കിയും അപഹാസ്യനാക്കുന്ന വിധത്തിലാണ് ചാനലുകൾ റിപ്പോർട്ടു ചെയ്തത്. ശബരിമല വിഷയത്തെ ഇത്രയും മോശമാക്കിയത് ചാനലുകളുടെ തൽസമയ സംപ്രേക്ഷണമാണെന്ന് ചാനൽ മാധ്യമങ്ങളുടെ മേധാവികളോടു സൂചിപ്പിച്ചപ്പോൾ ഞങ്ങൾ പിന്മാറിയാലും ജനം ചാനൽ പിന്മാറില്ലല്ലോയെന്നായിരുന്നു മറുപടി.
വാർത്താചാനലുകൾ മൽസരംമൂലം തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാർത്തകൾ സംപ്രേക്ഷണം ചെയ്യുന്നതെങ്കിൽ പത്രമാധ്യമങ്ങൾക്കു സാവകാശം ലഭിക്കുന്നതുകൊണ്ടാകാം അത്തരം പിഴവുകൾ സംഭവിക്കുന്നില്ലെന്നും കാനം പറഞ്ഞു.തെരഞ്ഞെടുപ്പു പ്രചാരണ ബഹളം അവസാനിപ്പിച്ച് രണ്ടു ദിവസമെങ്കിലും മനസമാധാനത്തോടെ കഴിയാനാണ് കന്യാകുമാരിയിലെത്തിയതെന്ന് സികെപി പറഞ്ഞു. പക്ഷേ, പിറകേ പ്രതികരണം തേടി മാധ്യമങ്ങളുടെ ഫോണുകളെത്തി. കന്യാകുമാരിയിലാണെന്നു പറഞ്ഞ് ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.
എന്നാൽ കന്യാകുമാരിയിലേക്കു വരാമെന്നായി മാധ്യമപ്പട. ഒഴിഞ്ഞുമാറി. എന്നു തിരിച്ചുവരുമെന്ന ചോദ്യത്തിനു മറുപടി നൽകാതെ ഉഴപ്പി. രണ്ടു ദിവസം കഴിഞ്ഞ് കോഴിക്കോട്ടേക്കു മടങ്ങാൻ ട്രെയിൻ കയറി. സീറ്റിൽ ഇരുന്നതേയുള്ളൂ. മുന്നിൽ കാമറയുമായി മാധ്യമപ്രവർത്തകർ. റിസർവേഷൻ ചാർട്ട് പരിശോധിച്ച് എത്തിയതാണ്. വാർത്ത അപ്പോൾതന്നെ സംപ്രേക്ഷണം ചെയ്തു. കോഴിക്കോട് എത്തുന്നതുവരേയും എല്ലാ സ്റ്റേഷനിലും മാധ്യമപ്പട കംപാർട്ടുമെന്റിലേക്ക് ഓടിക്കയറി ചോദ്യംചെയ്യൽ തുടർന്നു.
ഭാര്യയും മക്കളുമെല്ലാം ഇതുകണ്ട് അന്തംവിട്ട് ഇരുന്നു. കോഴിക്കോട് വലിയ മാധ്യമപ്പടതന്നെ ഉണ്ടായിരുന്നു. വീട്ടിലെത്തി പിറ്റേന്ന് രാവിലെ പുറത്തേക്കു നോക്കിയപ്പോൾ മുറ്റത്തെ വാഴക്കൂട്ടങ്ങൾക്കിടയിലും മാധ്യമപ്രവർത്തകർ ഒളിച്ചു നിൽക്കുന്നു. സ്വകാര്യതയിലേക്കും സ്വസ്ഥതയിലേക്കും കാമറയുമായി നിൽക്കുന്ന അവസ്ഥ വളരെ ദയനീയമാണെന്ന് സി.കെ. പത്മനാഭൻ വിവരിച്ചു. ചീഫ് വിപ്പ് എൻ. രാജൻ പ്രസംഗിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകരായ പി.എ. കുര്യാക്കോസ്, എൻ. ശ്രീകുമാർ, അലക്സാണ്ടർ സാം തുടങ്ങിയവർ പ്രസംഗിച്ചു.