പാലക്കാട്: ടൗണ്‍ ബസ് സ്റ്റാൻഡ് ഇറക്കത്തിൽ നിയന്ത്രണംവിട്ട സ്വകാര്യബസ് റോഡരികിലെ ജ്വല്ലറി ഷോപ്പിലേക്ക് ഇടിച്ചുകയറി. പാലക്കാടുനിന്നും മലന്പുഴയിലേക്ക് പോകുന്ന വിഷ്ണുപ്രിയ ട്രാവൽസ് ബസാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല.ബസിന്റെ എയർബ്രേക്ക് തകരാറിലായാണ് അപകടമുണ്ടായത്. ബ്രേക്ക് കിട്ടാതായതോടെ കടയുടെ ഭാഗത്തേക്ക് ബസ് ഇടിച്ചു നിർത്തുകയായിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞു.
കട തുറക്കാത്തതിനാൽ വൻദുരന്തം ഒഴിവായി. തുടർന്ന് പത്തരയോടെയാണ് ബസ് ഇവിടെനിന്നും നീക്കം ചെയ്തത്.
ടി.ബി റോഡിൽ സ്വകാര്യബസുകളുടെ മത്സരപാച്ചിൽ പതിവാണ്. കൂടാതെ ടൗണ്‍ ബസ് സ്റ്റാൻഡിൽനിന്നും സ്വകാര്യബസുകൾ മത്സരിച്ചാണ് റോഡിലേക്ക് ഇറങ്ങുന്നത്.
മുന്‍പ് സമാനരീതിയിൽ നിയന്ത്രണംവിട്ട് ഇറങ്ങിയ സ്വകാര്യബസ് രണ്ടുപേരുടെ ജീവനെടുത്ത് വൈദ്യുതഭവനു മുന്നിലെ കടകൾക്കു മുന്നിലെ ചാലിൽ ഇറങ്ങിയാണ് നിന്നത്. ഈ അപകടത്തെ തുടർന്ന് ടൗണ്‍ ബസ് സ്റ്റാൻഡ് മുതൽ വൈദ്യുത ഭവൻ വരെയുള്ള ഭാഗത്തായി റോഡിൽ മൂന്ന് ഹംബുകൾ സ്ഥാപിച്ചു.
എന്നാൽ ഹംബുകൾക്കു മുകളിലെ സീബ്രാലൈൻ മാഞ്ഞതോടെ ഇവിടെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവായിരിക്കുകയാണ്.