ഇരിട്ടി: തില്ലങ്കേരിയിൽ കുടുംബ വഴക്കിനിടയില്‍ മൂന്ന് വയസുകാരന്റെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച മാതൃ സഹോദരി അറസ്റ്റിൽ. കാവുംപടി ലക്ഷം വീട് കോളനിയിലെ ഷാഹിദ (40 ) യെയാണ് മു ഴക്കുന്ന് എസ്ഐ എം.എൻ ബിജോയ് അറസ്റ്റ് ചെയ്തത് . കോളനിയിലെ സക്കീനയുടെ മകന് മൂന്ന് വയസുകാരന് ആബിലിനാണ് സാരമായി പൊള്ളലേറ്റത്.
കഴിഞ്ഞ മാസം 26ന് കാവുംപടിയിലെ സക്കീനയുടെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ. ആബിലിന്റെ ഉമ്മ സക്കീനയും മാതൃ സഹോദരി ഷാഹിദയും തമ്മില്‍ വീട്ടില്‍ വെച്ച് കുടുംബ വഴക്ക് ഉണ്ടായി. വാക്ക് തര്‍ക്കം മൂത്തപ്പോള്‍ ഷാഹിദ അടുപ്പിലുണ്ടായിരുന്ന തിളച്ച വെള്ളം എടുത്ത് സക്കീനയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. സക്കീനയുടെ ഒക്കത്ത് ഉണ്ടായിരുന്ന ആബിലിന്റെ ദേഹത്താണ് തിളച്ച വെള്ളം വീണത്.
കുഞ്ഞിന് സാരമായി പൊള്ളലേറ്റു. ഇക്കാര്യം കുടുംബാംഗങ്ങള്‍ മറച്ചു വെച്ച് കുട്ടിക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ നല്കി. നാട്ടില്‍ നിന്നും ചൈല്‍ഡ് ലൈനിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായത്.
കുടുംബക്കാര് തമ്മിലുള്ള വഴക്കായതിനാല്‍ പരാതിയില്ലെന്ന നിലപാടിലായിരുന്നു വീട്ടുകാര്‍. കുട്ടിക്ക് പൊള്ളലേറ്റ സംഭവത്തില്‍ കേസെടുക്കണമെന്ന് ചൈല്‍ഡ് ലൈന്‍ പോലീസിനോട് നിര്‍ദ്ദേശിച്ചു. ഇതേ തുടര്‍ന്നാണ് മുഴക്കുന്ന് പോലീസ് ഷാഹിദയ്ക്കെതിരെ ജാമ്യമില്ല വകുപ്പ് ചേര്‍ത്ത് കേസെടുത്തു അറസ്റ്റ് ചെയ്തത് .