തിരുവനന്തപുരം: 2015ൽ അന്നത്തെ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണ ദിവസം കേരള നിയമസഭയിൽ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസ് പിൻവലിക്കാൻ സർക്കാർ സമർപ്പിച്ച അപേക്ഷയിൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ വാദം ആരംഭിച്ചു. കേസ് പിൻവലിക്കുന്നതിനെ പ്രതിപക്ഷ പാർട്ടികളുടെ അഭിഭാഷകൻ എതിർത്ത സാഹചര്യത്തിലാണ് വാദം നടക്കുന്നത്.
നിയമസഭയ്ക്കുള്ളിൽ അനിഷ്ട സംഭവങ്ങൾ നടന്നാൽ പരാതി നൽകേണ്ടത് സ്പീക്കറാണെന്ന് സർക്കാരിനു വേണ്ടി ഹാജരായ ഡപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ബീന സതീഷ് വാദിച്ചു. ഇവിടെ അത്തരം പരാതിയില്ല. നിയമസഭാംഗങ്ങളുടെ ഐക്യം നിലനിർത്തുന്നതിന്റെ ഭാഗമായിട്ടാണ് സർക്കാർ കേസ് പിൻവലിക്കാൻ തീരുമാനിച്ചതെന്നും ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ വാദിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ കേസ് പിൻവലിക്കുന്നതിൽ തടസവാദം ഉന്നയിച്ചു. പൊതുമുതൽ നശിപ്പിച്ച സംഭവം അവസാനിപ്പിക്കാൻ കഴിയില്ലെന്നും ഇങ്ങനെ ചെയ്യുന്നത് ജനങ്ങളെ കബിളിപ്പിക്കുന്നതിനു തുല്യമാണെന്നും പ്രതിപക്ഷ നേതാവിന്റെ അഭിഭാഷകൻ വാദിച്ചു. മാത്രമല്ല പൊതുമുതൽ നശിപ്പിക്കുന്ന കേസുകളിൽ ഹൈക്കോടതി നൽകിയ മാർഗരേഖകൾ കാറ്റിൽ പറത്തുന്ന സാഹചര്യമുണ്ടാകുമെന്നും പ്രതിപക്ഷ പാർട്ടികൾ വാദിച്ചു.
2015 മാർച്ച് 13 ന് കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതിന് എതിരായി നടത്തിയ പ്രതിഷേധമാണ് അക്രമത്തിൽ കലാശിച്ചത്. അന്നത്തെ പ്രതിപക്ഷ എംഎൽഎമാരായിരുന്ന ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്, കെ. കുഞ്ഞുമുഹമ്മദ്, സി.കെ. സദാശിവൻ എന്നിവർക്കെതിരെയാണ് രണ്ടു ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നു ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്.