മാവേലിക്കര: ഭരണഘടനാ ശിൽപ്പിയായ ഡോ. ബി.ആർ. അംബേദകറുടെ സ്മരണയ്ക്കായി പട്ടികജാതി, പട്ടികവർഗ്ഗ ക്ഷേമവകുപ്പ് ഏർപ്പെടുത്തിയ 2019ലെ മാധ്യമ പരസ്കാരങ്ങൾ വിതരണം ചെയ്ത മാവേലിക്കര ഗദ്ദിക വേദിയിലാണ് തൊട്ടടുത്ത് എത്തിയിട്ടും പങ്കെടുക്കാതെ മന്ത്രി ജി. സുധാകരൻ മടങ്ങിയത്. മാധ്യമ അവാർഡ് വിതരണം ചെയ്യേണ്ടതും സമ്മേളനം ഉദ്ഘാടനം ചെയ്യേണ്ടതും മന്ത്രിയായിരുന്നു.
മാവേലിക്കര കഐസ്ആർടിസി ജംഗ്ഷനിൽ സിഐറ്റിയു സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി ഉദ്ഘാടന ശേഷം സിപിഐ നേതാവ് പി. പ്രസാദ് നടത്തിയ മുഖ്യ പ്രഭാഷണത്തിനും ആശംസാ പ്രസംഗങ്ങൾക്കും ശേഷമാണ് വേദി വിട്ടിറങ്ങിയത്. ഈ സമയം ആർ. രാജേഷ് എംഎൽഎയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. മാധ്യമ അവാർഡ് വിതരണം അഞ്ചു മണിയ്ക്ക് തീരുമാനിച്ചതായിരുന്നു.
മന്ത്രി വരുമെന്ന പ്രതീക്ഷയിൽ 6.30 വരെ കാത്തെങ്കിലും അന്വേഷിച്ചപ്പോൾ എത്തില്ല എന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് ആർ. രാജേഷ് എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്യുകയും അവാർഡ് വിതരണം നടത്തുകയുമായിരുന്നു.
മന്ത്രി എ.കെ. ബാലൻ നേരിട്ട് പരിപാടി അറിയിച്ചില്ല.ഗവർണറുടെ പരിപാടിയിൽ അവസരം നൽകിയില്ല എന്നീ കാരണങ്ങളാണ് മന്ത്രി പരിപാടിയിൽ പങ്കെടുക്കാതിരിക്കാനുണ്ടായ കാരണമെന്നാണ് സൂചന. സംഭവം സിപിഎമ്മിനുള്ളിൽ വിഭാഗീയതയ്ക്കും കാരണമായിട്ടുണ്ട്. പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് ഇതു തുടക്കം കുറിച്ചിട്ടുണ്ട്.
ഗോത്ര വിഭാഗത്തെയും പാർട്ടിയേയും അവഹേളിക്കത്തക്ക തരത്തിലായി മന്ത്രിയുടെ പ്രതികരണമെന്നാണ് ഒരു വിഭാഗം സിപിഎം നേതാക്കൾ പറഞ്ഞത്്. ഗവണ്മെന്റ് പരിപാടികൾ വിജയിപ്പിക്കേണ്ട മന്ത്രി പരിപാടിയിൽ നിന്ന് വിട്ടുനിന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെക്കുമെന്നും നേതാക്കൾ പറയുന്നു.