ചണ്ഡിഗഡ്: ഒരു വർഷം കൂട്ടമാനഭംഗത്തിനിരയാക്കിയവർ വീണ്ടും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയുമായി കൗമാരക്കാരി. ഹരിയാനയിലെ പൽവലിൽനിന്നുള്ള പതിനേഴുകാരിയാണു പരാതിയുമായി വെള്ളിയാഴ്ച പോലീസിനെ സമീപിച്ചത്.
ഈ വർഷമാദ്യം നാലു പേർക്കെതിരേ പെണ്‍കുട്ടി പീഡന പരാതി നൽകിയിരുന്നു. എന്നാൽ ഫോറൻസിക് റിപ്പോർട്ടിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ ഈ കേസ് തള്ളി. ഇതിനുശേഷമാണു പെണ്‍കുട്ടി വീണ്ടും പരാതിയുമായി രംഗത്തെത്തിയിരിക്കുന്നതെന്നു പൽവൽ പോലീസ് സൂപ്രണ്ട് നരേന്ദ്ര ബിജർനിയ പറഞ്ഞു.
ഈ മാസം നാലിന് വീട്ടിൽനിന്നു പുറത്തിറങ്ങിയ അവസരത്തിൽ തന്റെ ഗ്രാമത്തിൽതന്നെയുള്ള നാലു പേർ ചേർന്നു തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ പ്രദേശത്തുകൊണ്ടുപോയി പീഡിപ്പിച്ചെന്നാണു പെണ്‍കുട്ടിയുടെ പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നേരത്തെ, പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി ആരോപിച്ചവർ തന്നെയാണ് ഇക്കുറിയും ആരോപിതർ. ഇവരിൽ ഒരാൾ കൗമാരക്കാരനാണ്. പരാതിയിൽ പോലീസ് ഇതേവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.