നിയാസ് മുസ്തഫ
കൂടെ നിന്ന 17എംഎൽഎമാർ ചതിച്ചതുമൂലം വീണുടഞ്ഞ കോൺഗ്രസ്-ജെഡിഎസ് സഖ്യ സർക്കാർ കർണാടകത്തിൽ വീണ്ടും അധികാരത്തിൽ വരുമോ? അതോ കൂടുതൽ ശക്തിയോടെ ബിജെപി സർക്കാർ അധികാരത്തിൽ തുടരുമോ? ഈ രണ്ടുചോദ്യങ്ങൾക്കും കർണാടകയിലെ വോട്ടർമാർ നൽകിയ ഉത്തരമറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഉപതെരഞ്ഞെടുപ്പ് നടന്ന 15 മണ്ഡലങ്ങളിലേക്കുള്ള ജനവിധി തിങ്കളാഴ്ച പുറത്തുവരുന്പോൾ ബിജെപി, കോൺഗ്രസ്, ജെഡിഎസ് കക്ഷികൾ ഒരുപോലെ ആത്മവിശ്വാസത്തിലാണ്.
ബിജെപിയെ സംബന്ധിച്ചിടത്തോളം ദക്ഷിണേന്ത്യയിൽ അവർ അധികാരത്തിൽ ഇരിക്കുന്ന ഏക സംസ്ഥാനമാണ് കർണാടകം. ഇവിടെ ഭരണം നഷ്ടപ്പെടില്ലായെന്ന ബിജെപിയുടെ ആത്മവിശ്വാസത്തിനു കൂടുതൽ കരുത്തു പകരുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ പലതും. പതിനഞ്ചിൽ ഒന്പതു മുതൽ 12 സീറ്റുവരെ ബിജെപി നേടിയേക്കുമെന്നാണ് പ്രവചനങ്ങളുടെ ആകെത്തുക.
കർണാടകയിലെ ബിജെപി മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്ക് അധികാരത്തിൽ തുടരണമെങ്കിൽ മിനിമം ആറ് എംഎൽഎമാരെങ്കിലും വിജയിച്ചേ പറ്റൂ. അങ്ങനെ സംഭവിച്ചില്ലെങ്കിൽ ബിജെപി സർക്കാർ താഴെ വീഴും. കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിൽനിന്ന് പുറത്തുവന്ന എംഎൽഎമാരെ തന്നെ ബിജെപി വീണ്ടും ജനവിധി തേടാൻ നിയോഗിച്ചത് കേവലഭൂരിപക്ഷം ഉറപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗം കൂടിയാണ്. ഇവരിൽ പലർക്കും തങ്ങളുടെ മണ്ഡലത്തിലുള്ള സ്വാധീനം അവർ പാർട്ടി മാറിയാലും കൂടെക്കാണുമെന്ന് ബിജെപി വിശ്വസിക്കുകയാണ്.
അട്ടിമറിയിലൂടെയാണെങ്കിലും അധികാരത്തിലെത്തിയ യെദ്യൂരപ്പ പക്ഷേ ഇപ്പോൾ മറിച്ചൊന്നും സംഭവിക്കുമെന്ന് കരുതുന്നില്ല. എല്ലാം ശുഭമായി തന്നെ സംഭവിക്കുമെന്ന് അദ്ദേഹം കരുതുന്നു. അതേസമയം, സഖ്യ സർക്കാർ വീണെങ്കിലും കോൺഗ്രസ്, ജെഡിഎസ് സഖ്യവും പ്രതീക്ഷയിലാണ്. കേവല ഭൂരിപക്ഷം തികയ്ക്കാനുള്ള എംഎൽഎമാരെ വിജയിപ്പിക്കാൻ ബിജെപിക്ക് കഴിയില്ലെന്ന ഉറപ്പാണ് അവർ പങ്കുവയ്ക്കുന്നത്.
കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാരിന്റെ ഭാഗമായ 17എംഎൽഎമാരെ അടർത്തി മാറ്റിയാണ് ബിഎസ് യെദ്യൂരപ്പ അട്ടിമറിയിലൂടെ കർണാടകയിൽ അധികാരത്തിലെത്തുന്നത്. 17 എംഎൽമാരെയും സ്പീക്കർ അയോഗ്യരാക്കിയെങ്കിലും ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം സുപ്രീംകോടതിയിൽനിന്ന് എംഎൽഎമാർ നേടിയെടുക്കുകയായിരുന്നു.
മസ്കി, ആർ.ആർ നഗർ എന്നീ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് കേസ് നിലനിൽക്കുന്നതിനാൽ ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നില്ല. ബാക്കിയുള്ള 15 മണ്ഡലങ്ങളിലേക്കാണ് ഇപ്പോൾ ഉപതെരഞ്ഞെടുപ്പ് നടന്നിരിക്കുന്നത്.
224 അംഗ നിയമസഭയാണ് കർണാടകയിലേത്. നിലവിൽ ബിജെപിക്ക് 105 സീറ്റുകളാണ് ഉള്ളത്. ഒരു സ്വതന്ത്രന്റെ പിന്തുണകൊണ്ടാണ് ബിജെപി സർക്കാർ അധികാരത്തിൽ തുടരുന്നത്. കോൺഗ്രസിന് 66ഉം ജെഡിഎസിന് 34ഉം എംഎൽഎമാരാണ് ഇപ്പോഴുള്ളത്.