തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ ലാൻഡ്ലൈന്‍ നമ്പര്‍ കേടായി കിടക്കുന്നത് തുടരുന്നതിനാല്‍ പരാതി പറയാന്‍ ജനം വലയുന്നു. സ്റ്റേഷനിലെ 2203100 എന്ന നമ്പര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി തകരാറിലാണ്. ഈ നമ്പറിലേക്ക് വിളിച്ചാല്‍ എന്‍ഗേജ്ഡ് ട്യൂൺ മാത്രമാണ് ലഭിക്കുക.
നന്നാക്കാനാവില്ലെന്ന് പറഞ്ഞ് ബിഎസ്എന്‍എല്‍ തലയൂരിയെങ്കിലും പുതിയ നമ്പര്‍ ലാൻഡ്ലൈന്‍ ഇതുവരെ സ്ഥാപിക്കാന്‍ പോലീസും തയാറായിട്ടില്ല. എന്തെങ്കിലും അത്യാവശ്യത്തിന് പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ വിളിച്ചാല്‍ ലഭിക്കാത്തതിനാല്‍ വാഹനാപകടങ്ങളോ മറ്റ് അത്യാവശ്യ വിവരങ്ങളോ പോലീസിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ കഴിയുന്നില്ല.
എസ് ഐ, സി ഐ തുടങ്ങിയവരുടെ മൊബൈല്‍ സിയുജി നമ്പര്‍ പ്രസിദ്ധപ്പെടുത്തിയത് പൊതുജനങ്ങള്‍ക്ക് വിളിക്കാനാണെങ്കിലും ഈ നമ്പറുകളും വിളിച്ചാല്‍ എടുക്കാതെ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായാണ് ആക്ഷേപമുയരുന്നത്. പലപ്പോഴും അത്യാവശ്യകാര്യം പറയാന്‍ പോലീസ് സ്റ്റേഷനിലേക്ക് നേരിട്ടെത്തേണ്ട സ്ഥിതിയാണ്. ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.