മുക്കം: തൊഴിലാളി ക്ഷാമവും നഷ്ടത്തിന്റെ പേരും പറഞ്ഞ് ഇനിയാരും നെൽകൃഷി ചെയ്യാതിരിക്കണ്ട. ഏറെ ലാഭകരമായതും വരുമാനം ലഭിക്കുന്നതുമായ “ഒറ്റഞാർ’ നെൽകൃഷി മലയോര മേഖലയിലും പ്രചാരം നേടുകയാണ്. ഒരേക്കർ നെൽകൃഷിക്കായി സാധാരണ ഗതിയിൽ 40 കിലോ നെൽവിത്ത് ആവശ്യമുള്ളപ്പോൾ ഒറ്റ ഞാർ രീതി പ്രകാരം കൃഷിയിറക്കാനായി വെറും രണ്ട് കിലോ വിത്ത് മാത്രം മതി. 10 മുതൽ 12 ദിവസം വരെ പ്രായമാവുമ്പോൾ ഞാറ് നടാമെന്നതും ഈ രീതിയുടെ പ്രത്യേകതയാണ്.
സാധാരണ നിലയിൽ മൂന്ന് ആഴ്ച മുതൽ നാല് ആഴ്ച വരെ സമയമെടുക്കുമ്പോഴാണ് ഞാറ് നടാൻ കഴിയുക. സാധാരണ നിലയിൽ ഒരു വിത്തിതിൽ നിന്ന് 18 ഓളം കതിരുകൾ കിളിർക്കുമ്പോൾ ഒരു വിത്തിൽ നിന്ന് 80 കതിരുകൾ കിളിർക്കുമെന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. ഇതോടെ നാല് ഇരട്ടിയിലധികമാണ് വിളവ് ലഭിക്കുക. ഒരു ഹെക്ടറിൽ നിന്ന് എട്ട് മുതൽ 10 ടൺ വരെ വിളവ് ലഭിക്കുമെന്ന് കാരശ്ശേരി കൃഷി ഓഫീസർ അജിത് പറഞ്ഞു.
മലയോര മേഖലയിൽ ഈ കൃഷി പരീക്ഷിച്ചിരിക്കുന്നത് പരമ്പരാഗത കർഷകനായ ആനയാംകുന്ന് കളരിക്കണ്ടി സ്വഭേശി ബാബു എതിർ പാറമ്മലാണ്. വെറും ഒരു സെന്റ് സ്ഥലം മാത്രം മതി ഒരു ഹെക്ടർ നെൽകൃഷിക്ക് വിത്ത് മുളപ്പിക്കാനായി എന്നതും ഈ രീതിയുടെ പ്രത്യേകത തന്നെയാണ്. കള ശല്യം ഉണ്ടാവില്ല എന്നതും ഈ കൃഷിയുടെ പ്രത്യേകതയാണ്.
ഒരടി അകലത്തിലാണ് കൃഷി ചെയ്യുന്നത് എന്നത് കൊണ്ട് തന്നെ കോണോ വീഡർ ഉപയോഗിച്ച് കർഷകന് തന്നെ യാതൊരു പ്രയാസവുമില്ലാതെ കളകൾ മണ്ണിനടിയിലേക്ക് തന്നെ മാറ്റി ജൈവവളമാക്കി മാറ്റാനും സാധിക്കും. കുറഞ്ഞ സ്ഥലത്ത് വിത്ത് വിതറി മുളപ്പിച്ചെടുക്കാൻ സാധിക്കുന്നതായതിനാൽ കൂലി ചിലവ് ഇനത്തിലും വലിയ ബാധ്യത കർഷകർക്ക് ഉണ്ടാവില്ല. മണ്ണും ചാണകപ്പൊടിയും മിക്സ് ചെയ്താണ് വിത്ത് മുളപ്പിക്കുന്നത്.
നേരത്തെയും നിരവധി പരീക്ഷണങ്ങൾ നടത്തി വിജയിച്ച ബാബു ഒരു വെല്ലുവിളിയായി ഈ പുതിയ കൃഷി രീതിയും ഏറ്റെടുക്കുകയായിരുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റൈസ് റിസേർച്ച് ഇന്റസ്ട്രിയലിന്റെ ഒരു പ്രൊജക്റ്റ് കൂടിയാണ് ഈ പുതിയ പദ്ധതി.