നങ്ങ്യാർകുളങ്ങരയിൽ അലക്ഷ്യമായി ഓടിച്ച കെഎസ്ആർടിസി ബസിടിച്ച് മരണമടഞ്ഞ ഫാത്തിമ നജീബ് വലിയ നൊമ്പമായി നീറി നിൽക്കുകയാണ്. ഡ്രൈവറുടെ അശ്രദ്ധകൊണ്ട് ഒരു കുടുംബത്തിന്റെ മുഴുവൻ സന്തോഷം നശിപ്പിച്ച കെഎസ്ആർടിസിയോടുള്ള പ്രതിഷേധം തന്റെ കാറിൽ പതിപ്പിച്ച സ്റ്റിക്കറിലൂടെ അറിയിക്കുകയാണ് ഫാത്തിമയുടെ സഹോദരൻ ബിജിൽ.
“കെഎസ്ആർടിസി എന്റെ പെങ്ങളെ കൊന്നു; കഴുത മോങ്ങുന്നത് പോലെ ഹോണ്മുഴക്കിയാൽ നിങ്ങൾക്ക് എന്നെ മറികടക്കുവാനാകില്ല. ജസ്റ്റിസ് ഫോർ ഫാത്തിമ മണ്ണേൽ’ എന്ന് തന്റെ വാഹനത്തിന്റെ നമ്പർ പ്ലേറ്റിലാണ് ബിജിൽ പതിപ്പിച്ചത്. ബിജിലിന്റെ പിതാവിന്റെ സഹോദരൻ നജീബിന്റെ മകളാണ് ഫാത്തിമ.
നവംബർ 11ന് രാത്രി ദേശിയ പാതയിൽ നങ്ങ്യാർകുളങ്ങരയ്ക്ക് സമീപമാണ് പാഞ്ഞെത്തിയ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് നജീബും കുടുംബവും സഞ്ചരിച്ച കാറിൽ ഇടിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടം നടന്നത്. അപകടത്തിൽ ഫാത്തിമ മരിക്കുകയും സഹോദരൻ മുഹമ്മദിന്റെ വലത് കൈ മുറിഞ്ഞു പോകുകയും ചെയ്തു.
പിന്നീട് രണ്ട് പ്രാവശ്യം തന്റെ വാഹനത്തിന് നേർക്ക് കെഎസ്ആർടിസി ബസ് തെറ്റായ ദിശയിൽ വന്നതിന്റെ ദൃശ്യങ്ങളും ബിജിൽ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. റോഡിൽ അശ്രദ്ധമായി പായുന്ന കെഎസ്ആർടിസിക്ക് എതിരായ തന്റെ പ്രചരണം ഇനിയും തുടരുവാൻ തന്നെയാണ് ബിജിലിന്റെ തീരുമാനം.