മുക്കം: കുടുംബ ബജറ്റിന്റെ താളം തെറ്റിച്ച് സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. സവാളക്ക് 130 മുതൽ 150 രൂപ വരെയാണ് വില. ഉത്പാദക സംസ്ഥാനങ്ങളിലെ മോശം കാലാവസ്ഥയാണ് വിപണിയിലെ വിലവർധനയ്ക്ക് കാരണം. സവാളയ്ക്കാണ് അടിക്കടി വിലയുയരുന്നത്.
പകുതിയിലധികം വില ഒരാഴ്ചയ്ക്കിടെ വർധിച്ചു. മുരിങ്ങയ്ക്ക് 500 രൂപയും ചുവന്നുള്ളിയ്ക്ക് 160 രൂപയുമാണ് വില. തക്കാളി, ബീൻസ്, കാരറ്റ്, പച്ചമുളക് തുടങ്ങിയവയ്ക്കും വില കത്തിക്കയറുകയാണ്. മറ്റിനം പച്ചക്കറികളുടെ വിലയിലും കാര്യമായ മാറ്റമുണ്ട്.വിലവർധനവ് ഹോട്ടൽ മേഖലയെയും കുടുംബ ബജറ്റിനെയും കാര്യമായി ബാധിച്ചിട്ടുണ്ട്.
എന്നാൽ പച്ചക്കറി വിലയിൽ കുതിപ്പ് തുടരുമ്പോഴും സംസ്ഥാന സർക്കാർ വിഷയത്തിൽ പെട്ടിട്ടില്ലന്ന ആക്ഷേപവും ശക്തമാണ്. വില കുതിച്ചുയരുന്ന സാഹചര്യത്തിൽ മലയാളിയുടെ തീൻമേശകളിലെ ഇഷ്ട വിഭവങ്ങളായ അവിയലും സാമ്പാറുമൊക്കെ തൽക്കാലത്തേക്കെങ്കിലും ഒഴിവാക്കി വയ്ക്കേണ്ടി വരും എന്നതാണ് അവസ്ഥ. ശബരി മല സീസണിൽ പച്ചക്കറികൾക്ക് ഏറ്റവുമധികം ആവശ്യക്കാരുള്ള സമയത്താണ് കീശ കാലിയാക്കി വില വർധിക്കുന്നത്.
കൂടാതെ സവാളയ്ക്കും, ചെറിയ ഉള്ളിയ്ക്കും പകരക്കാരെ കണ്ടെത്തേണ്ട സ്ഥിതിയാണിപ്പോൾ.പച്ചക്കറി വില വര്‍ധന ഗാര്‍ഹിക മേഖലയെ മാത്രമല്ല റെസ്റ്റോറൻറ് വ്യവസായത്തെയും ബാധിക്കും. ഹോട്ടൽ ഭക്ഷണത്തിൻറെ വില വര്‍ധനയ്ക്കും ഇതു കാരണമായേക്കും. കിലോക്ക് 150 രൂപ കൊടുക്കണം. കിലോക്ക് 30 രൂപയുണ്ടായിരുന്ന കാരറ്റ് 65 ൽ എത്തി. തക്കാളി 35 ഉം കടന്ന് പോകുന്നു. ബീൻസ് നാൽപ്പതിന് മുകളിൽ എത്തി.
കേരളത്തിൽ കൂടുതലായി കൃഷി ചെയ്യുന്ന പയർ, മത്തൻ, ചേന, ചേമ്പ് ഇനങ്ങൾക്ക് ആവശ്യക്കാർ ഏറിയതോടെ വിലയും കൂടി. മഴക്കെടുതികളിൽ കൃഷി നശിച്ചതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞു.